കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്‌ത രണ്ട് മലപ്പുറം സ്വദേശികളെ റിമാൻഡ് ചെയ്‌തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് അൻവർ, സെയ്‌തലവി എന്നിവരെ ജൂലൈ 29 വരേയ്ക്ക് റിമാൻഡ് ചെയ്‌തത്. ഇവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധന ഫലം ലഭിച്ച ശേഷം കസ്റ്റഡി അപേക്ഷക്കായി കോടതിയെ സമീപിക്കും.
സ്വർണക്കടത്തിൽ അറസ്റ്റിലായ മലപ്പുറം സ്വദേശികൾ റിമാൻഡിൽ - സ്വർണക്കടത്ത് കസ്റ്റംസ്
സരിത്തും സ്വപ്‌നയും ഉൾപ്പെട്ട സംഘം ജൂൺ മാസത്തിൽ കടത്തിയ 70 കിലോ സ്വർണത്തിൽ നിന്നും 33 കിലോ സ്വർണം മലപ്പുറം സ്വദേശിയായ സെയ്‌തലവി വാങ്ങിയതായി നേരത്തെ പിടിയിലായവർ കംസ്റ്റംസിന് മൊഴി നൽകിയിരുന്നു.
സ്വർണക്കടത്ത് സംഘത്തിന് പണം നൽകിയവരിൽ സെയ്‌തലവിയും അൻവറും ഉൾപ്പെടുന്നുവെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. അതേസമയം പലരിൽ നിന്നും പണം നിക്ഷേപമായി സ്വീകരിച്ചാണ് സ്വർണക്കടത്ത് സംഘത്തിന് പണം നൽകിയതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. സ്വർണ വിൽപനയിലെ ലാഭം ഇവർ പങ്കിട്ട് എടുത്തതായും വിവരമുണ്ട്. സരിത്തും സ്വപ്‌നയും ഉൾപ്പെട്ട സംഘം ജൂൺ മാസത്തിൽ കടത്തിയ 70 കിലോ സ്വർണത്തിൽ നിന്നും 33 കിലോ സ്വർണം മലപ്പുറം സ്വദേശിയായ സെയ്‌തലവി വാങ്ങിയതായി നേരത്തെ പിടിയിലായവർ കംസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സെയ്‌തലവിയെ കസ്റ്റംസ് ബുധനാഴ്‌ച അറസ്റ്റ് ചെയ്തത്. സ്വർണക്കടത്ത് സംഘവുമായി ദീർഘകാലമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് സെയ്‌തലവി. മുമ്പും സ്വർണക്കടത്ത് കേസിൽ ഇയാൾ ഉൾപ്പെട്ടിരുന്നു. സെയ്‌തലവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു ജ്വല്ലറി ഉടമയുൾപ്പടെ മൂന്ന് പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക.