എറണാകുളം: ദുർമന്ത്രവാദത്തിന്‍റെ പേരിൽ രണ്ടു സ്‌ത്രീകളെ ഇലന്തൂരിൽ നരബലി നടത്തിയ സംഭവത്തിൽ മുഖ്യപ്രതി ഷാഫി പ്രതിഫലമായി നിശ്ചയിച്ചത് ഒന്നര ലക്ഷം രൂപയെന്ന് സൂചന. രണ്ടാമതായി കൊല്ലപ്പെട്ട, കടവന്ത്രയിൽ താമസിച്ചിരുന്ന പത്മത്തെ എത്തിക്കുന്നതിന് മുമ്പായി പതിനയ്യായിരം രൂപം ഇലന്തൂരിലെ ദമ്പതിമാരിൽ നിന്നും സ്വീകരിച്ചിരുന്നു. അതേസമയം ജൂൺ മാസത്തിൽ നടത്തിയ ആദ്യ നരബലിക്കായി റോസ്ലിനെ എത്തിച്ചതിന് എത്ര പ്രതിഫലം വാങ്ങിയെന്ന കാര്യത്തിൽ പ്രതിയിൽ നിന്നും അന്വേഷണ സംഘത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.
പ്രതി ഷാഫി, ശ്രീദേവിയെന്ന വ്യാജ പ്രൊഫൈലിൽ നിന്നും സ്‌ത്രീയെന്ന നിലയിലാണ് കൂട്ടു പ്രതി ഭഗവൽ സിങ്ങുമായി ബന്ധമുണ്ടാക്കിയത്. ഈ ബന്ധം അടുത്ത സൗഹൃദമായി മാറിയതോടെയായിരുന്നു റഷീദെന്ന സിദ്ധനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. ഭഗവൽ സിങ് ഈ കെണിയിൽ വീണതോടെയായിരുന്നു ഷാഫി സിദ്ധൻ റഷീദെന്ന നിലയിൽ ഭഗവൽ സിങ്ങിന്‍റെ വീട്ടിലെത്തുന്നത്. അസാമാന്യ വാക്ക് വൈഭവമുള്ള ഷാഫി സിദ്ധനെന്ന നിലയിൽ ഭഗവൽ സിങ്ങിന്റെയും ഭാര്യ ലൈലയുടെ ഏറ്റവും അടുത്ത ആളായി മാറി.
ഇതിനിടെ ശ്രീദേവിയെന്ന ഫേസ് ബുക്ക് പ്രെഫൈൽ ഡിലീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഈ പ്രൊഫൈൽ ഉണ്ടാക്കിയത് ഷാഫി ഭാര്യയുടെ ഫോണിൽ നിന്നാണെന്നും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പ്രൊഫൈൽ തിരിച്ചെടുത്ത് പരിശോധിച്ചാൽ ഷാഫിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കോലഞ്ചേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി കൂടിയാണ് ഷാഫിയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സംഭവത്തിലും ആഭിചാരക്രിയകൾക്ക് സമാനമായ ചില പെരുമാറ്റങ്ങൾ പ്രതി നടത്തിയിരുന്നു. വയോധികയെ പീഡിപ്പിച്ച ശേഷം അവരുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ കത്തി ഉയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു സ്വഭാവ വൈകൃതം തന്നെയാണ് ഇലന്തൂർ നരബലി സംഭവത്തിലും പ്രതി ആവർത്തിച്ചത്.
അതേസമയം, ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി ഷാഫി, ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട ആദ്യ കേസ് രജിസ്റ്റർ ചെയ്ത കടവന്ത്ര സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലിയെ സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകൾ ചൊവ്വാഴ്ചരാവിലെയായിരുന്നു പുറം ലോകം അറിഞ്ഞത്.
കഴിഞ്ഞ സെപ്റ്റംബർ ഇരുപത്തിയാറാം തീയതി പത്മയുടെ തിരോധാനത്തിന് ശേഷം ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു പ്രതികൾ നരബലി നടത്തിയെന്ന് വ്യക്തമായത്. പ്രതികളെ കൂടുതൽ വിശദമായി ചോദ്യം ചെയ്‌ത വേളയിലാണ് സമ്പത്തും ഐഷര്യവും ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ജൂൺ മാസത്തിൽ കാലടിയിൽ താമസിച്ചിരുന്ന റോസ്ലിയെന്ന സ്‌ത്രീയെ ആദ്യം നരബലി നടത്തിയതെന്നും പ്രതികൾ സമ്മതിച്ചു.
പുറത്ത് പറയാൻ കഴിയാത്ത രീതിയിലുള്ള അതിക്രൂരമായ കൊലപാതകത്തിന് ശേഷം രണ്ട് മൃതദേഹങ്ങളും വെട്ടി മുറിച്ച് കൃത്യം നടത്തിയ ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ തന്നെ കുഴിച്ചിടുകയായിരുന്നു. ഇന്നലെ നടത്തിയ തെളിവെടുപ്പിൽ ലഭിച്ച മൃതദേഹ അവശിഷ്ട്ടങ്ങൾ പൊലീസ് ശാസ്‌ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു ഇന്ന് മാധ്യങ്ങളെ അറിയിക്കും.