എറണാകുളം : മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവർത്തകയെ പുരുഷ പൊലീസ് ആക്രമിച്ചുവെന്നാരോപിച്ച് കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മഹിള കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് വനിത പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹിള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം ; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്, മൂന്ന് പേര്‍ക്ക് പരിക്ക് - kerala news updates
കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മഹിള കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ജെബി മേത്തർ എം.പി അടക്കമുള്ളവര്‍ കസ്റ്റഡിയില്‍
നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘര്‍ഷമുണ്ടാവുകയും നിരവധി പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചുമായെത്തിയത്. കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി സജീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.
പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പിന്തിരിഞ്ഞോടിയെങ്കിലും പ്രവര്‍ത്തകര്‍ വീണ്ടുമെത്തി പ്രതിഷേധം തുടര്‍ന്നതോടെ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം.പി, ജില്ല പ്രസിഡന്‍റ് മിനിമോൾ വികെ എന്നിവർ ഉൾപ്പടെയുള്ള നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.