എറണാകുളം:കോൺഗ്രസിന്‍റെ ദേശീയ പാത ഉപരോധത്തിനിടെ വനിത പ്രവർത്തകരോട് അപമര്യാദയായി പെരുമാറി എന്ന് ആരോപണത്തില്‍ നടൻ ജോജു ജോർജിന് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് മരട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
ജോജു ജോർജിന് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് മരട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ച് മഹിള കോൺഗ്രസ്. ഇടതുപക്ഷ ഗുണ്ടയെപ്പോലെയാണ് കോൺഗ്രസ് നടത്തിയ സമരത്തിലേക്ക് നടന്‍ ചാടിയിറങ്ങിയതെന്ന് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌ത് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്‌ണ പറഞ്ഞു. ജോജുവിന്‍റെ രാഷ്ട്രീയത്തെക്കുറിച്ച് തങ്ങൾക്ക് ബോധ്യമുണ്ട്. എന്നാൽ കലാകാരനെന്ന നിലയിൽ ജോജുവിന് പിന്തുണ നൽകിയവരായിരുന്നു കോൺഗ്രസ് പ്രവർത്തകർ.
'കേസെടുത്തില്ലെങ്കില്‍ ശക്തമായ സമരം'
എന്നാൽ, കോൺഗ്രസ് നടത്തിയ സമരത്തെ അലങ്കോലപ്പെടുത്തുകയായിരുന്നു അദ്ദേഹം. വഴി തടഞ്ഞും ഓഫിസുകളുടെ പ്രവർത്തനം തടഞ്ഞുമുള്ള സിനിമ ചിത്രീകരണം ഇനി അനുവദിക്കില്ല. ജോജുവിന് പിന്തുണ നൽകിയ സംവിധായകൻ ബി. ഉണ്ണികൃഷ്‌ണനെയും ബിന്ദു കൃഷ്‌ണ രൂക്ഷമായി വിമർശിച്ചു. ജോജുവിനെതിരെ വനിതകൾ നൽകിയ പരാതിയിൽ കേസ് എടുക്കാൻ പൊലീസ് തയാറായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അവര്‍ പറഞ്ഞു.
പ്രകടനമായെത്തിയ മഹിള കോൺഗ്രസ് പ്രവർത്തകരെ ബാരിക്കേഡ് വച്ച് മരട് സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. മഹിള കോൺഗ്രസിന്‍റെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് പൊലീസ് നിലപാട്.
ALSO READ:മുല്ലപ്പെരിയാറില്‍ വനം-ജലവിഭവ വകുപ്പുകള്‍ക്ക് വ്യത്യസ്‌ത നിലപാടെന്ന് പ്രതിപക്ഷം