'മഹാറാണി'യുടെ ഓഡിയോ ലോഞ്ച് എറണാകുളം : ഷെയിൻ നിഗം പ്രധാന വേഷത്തിൽ എത്തിയ ഇഷ്‌കിന് ശേഷം രതീഷ് രവി സംവിധായകൻ ജി മാർത്താണ്ഡന് വേണ്ടി തിരക്കഥ എഴുതുന്ന ചിത്രമാണ് മഹാറാണി. ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, ശ്രുതി ജയൻ, ജോണി ആന്‍റണി, ജാഫർ ഇടുക്കി, കൈലാഷ്, നിഷ സാരംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നവംബർ 24ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിൽ നടന്നു. പ്രശസ്‌ത നിർമ്മാതാവ് ലിസ്റ്റിൽ സ്റ്റീഫനാണ് മഹാറാണിയുടെ ഓഡിയോ ലോഞ്ച് നടത്തിയത്. ആലപ്പുഴ, ചേർത്തല തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ. ഗാനങ്ങൾ യൂട്യൂബിൽ റിലീസ് ചെയ്യുമ്പോൾ സംഗീത സംവിധായകന്‍റെയും ഗാനരചയിതാവിന്‍റെയും പേര് ഉൾപ്പെടുത്താത്തതിൽ ചിത്രത്തിന്‍റെ ഗാനരചയിതാവായ അൻവർ അലി വിമർശനം ഉന്നയിച്ചു.
ഒരു സിനിമയെ സംബന്ധിച്ചിടത്തോളം ആ ചിത്രത്തിന്‍റെ ഗാനങ്ങൾ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്യുമ്പോഴാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നവർക്ക് ഒരൽപ്പമെങ്കിലും പ്രാധാന്യം ലഭിക്കുന്നത്. സിനിമ റിലീസ് ചെയ്‌താൽ ഗായകനും സംഗീത സംവിധായകനും പ്രാധാന്യം ലഭിക്കുന്നില്ല എന്നതാണ് വാസ്‌തവം. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലൂടെ ഗാനങ്ങൾ റിലീസ് ചെയ്യുമ്പോൾ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്‌സിൽ സംഗീത സംവിധായകന്‍റെയും ഗാനരചയിതാവിന്‍റെയും പേരുകള്‍ നിർബന്ധമായും ഉൾപ്പെടുത്തണമെന്നും ചിത്രത്തിന്‍റെ ഗാനരചയിതാവ് അൻവർ അലി പറഞ്ഞു.
നടന്‍റെയും സംവിധായകന്‍റെയും പേര് ഉൾപ്പെടുത്തിയില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ആ ഗാനം കാണുന്നതിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവരുണ്ട്. പക്ഷേ സംഗീത സംവിധായകന്‍റെയും ഗാന രചയിതാവിന്‍റെയുമൊക്കെ പേരുനൽകുന്നതിന് പകരം മറ്റുള്ളവരാണ് ആ ഭാഗത്തൊക്കെ നിറഞ്ഞ് നിൽക്കുന്നത്. ഇത് മനസിലാക്കി അണിയറ പ്രവർത്തകരോട് തന്‍റെ പേരുകൂടി അതിൽ ഉൾപ്പെടുത്തണം എന്ന് പറഞ്ഞാൽ പലപ്പോഴും നടക്കാറില്ല.
സംഭവിച്ചാൽ തന്നെ മൂന്ന് നാല് ദിവസത്തെ ഭഗീരഥപ്രയത്നമാകുമത്. ഒരു പരാതിയുടെ രൂപത്തിൽ അല്ല താനിത് പറയുന്നത്. അണിയറ പ്രവർത്തകർ ഇത്തരം കാര്യങ്ങളിൽ ഒക്കെ ശ്രദ്ധ ചെലുത്താൻ വേണ്ടിയാണ്. നിർഭാഗ്യമെന്നുപറയട്ടെ ഈ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് വേദിയിൽ നിൽക്കുമ്പോൾ ഇപ്പോൾ പ്രേക്ഷകർക്കായി സമ്മാനിച്ച ഗാനങ്ങളുടെ ഡിസ്ക്രിപ്ഷൻ ബോക്‌സിൽ പോലും തന്‍റെ പേരില്ല.
Also read:'മഹാറാണി' റിലീസ് തീയതി പുറത്ത്; ചിരിപ്പൂരം തീര്‍ക്കാന്‍ റോഷനൊപ്പം ഷൈന്‍ ടോം ചാക്കോയും
താൻ എഴുതിയ മികച്ച പാട്ടുകളിൽ ഒന്നിൽ അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ചത് റോഷൻ മാത്യുവിനായിരുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെയാണ് റോഷൻ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുന്നത്. അക്കാലത്ത് തന്നോടൊപ്പം ഒരു മുറിയിൽ ഉണ്ടായിരുന്ന റോഷനെക്കുറിച്ച് അൻവർ അലി ഓർത്തെടുത്തു. സാഹിത്യ ബോധമുള്ള റോഷനെ പോലൊരാൾ തന്‍റെ പ്രിയപ്പെട്ടവനായി മാറി. റോഷൻ മികച്ച നടനായപ്പോൾ പഴയ കാലങ്ങൾ ഓർത്തുപോകുന്നുവെന്നും അൻവർ അലി പറഞ്ഞു.