എറണാകുളം: ആലുവ മണപ്പുറത്ത് മഹാശിവരാത്രി ആഘോഷത്തിനും പിതൃ കർമത്തിനും ഭക്തി നിർഭരമായ തുടക്കം. കൊവിഡ് നിയന്ത്രണം മൂലം ബലിതർപ്പണം ഇന്ന് പുലർച്ചെയാണ് ഔപചാരികമായി തുടങ്ങിയത്. എന്നാൽ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ഒട്ടേറെ പേർ ഇന്നലെ പകൽ ബലിയിട്ടു മടങ്ങി. ക്ഷേത്രദർശനത്തിനും വഴിപാടുകൾ നടത്തുന്നതിനും സൗകര്യമൊരുക്കിയിരുന്നു. വൈകിട്ട് ദീപാരാധന തൊഴാനും തിരക്കുണ്ടായിരുന്നു. അർധരാത്രി എഴുന്നള്ളിപ്പും ശിവരാത്രി വിളക്കും ശ്രീഭൂതബലിയും നടന്നു. മഹാദേവ ക്ഷേത്രം തന്ത്രി ചേന്നാസ് മനയ്ക്കൽ നാരായണൻ നമ്പൂതിരി, മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
ആലുവ മണപ്പുറത്ത് മഹാശിവരാത്രി ആഘോഷത്തിന് തുടക്കം
ഇന്ന് പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് 12 മണി വരെ ബലിയിടാം . ഇതിനായി അഞ്ച് ക്ലസ്റ്ററുകളിലായി 50 ബലിത്തറയുണ്ട്
ഗജവീരൻ ബോലോനാഥ് ആലുവ തേവരുടെ തിടമ്പേറ്റി. ഇന്ന് പുലർച്ചെ നാല് മുതൽ ഉച്ചയ്ക്ക് 12 മണി വരെ ബലിയിടാം. അഞ്ച് ക്ലസ്റ്ററുകളിലായി 50 ബലിത്തറയുണ്ട്. കുംഭ മാസത്തിലെ അമാവാസി ഇന്നു പകൽ മൂന്നിന് തുടങ്ങി നാളെ ഉച്ചവരെ ഉണ്ടാകും. ഈ സമയത്തും തർപ്പണത്തിന് ആളുകൾ എത്തും. പിതൃക്കൾ മരിച്ച നാളോ തീയതിയോ അറിയാത്തവർക്കും അമാവാസിനാളിൽ ബലികർമം ചെയ്യാം. കൊവിഡ് മാനദണ്ഡം പാലിച്ച് ഇരുപത്തിനാലായിരം പേർക്ക് ബലിയിടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ഇന്നലെ 8000 പേർ മാത്രമേ ബുക്ക് ചെയ്‌തിട്ടുള്ളൂ. അതുകൊണ്ട് രജിസ്റ്റർ ചെയ്യാതെ വരുന്നവർക്കും ബലിയിടാൻ സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.