കവരത്തി: അറബിക്കടലിൽ രൂപപ്പെട്ട മഹാ ചുഴലികാറ്റിലെ അതിശക്തമായ മഴയിൽ ലക്ഷദ്വീപിൽ വ്യാപക നാശനഷ്ടം. ജനവാസ ദ്വീപുകളായ അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ, മിനിക്കോയ് ദ്വീപുകളിൽ കനത്ത മഴയും കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി ഉൾപ്പടെയുള്ള ദ്വീപുകളിൽ അതിശക്തമായ മഴയിലും കാറ്റിലും പല വീടുകളുടെ മേൽക്കൂരകൾ തകർന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നപ്പോൾ തന്നെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് സന്നദ്ധ-രക്ഷാപ്രവർത്തകർ മാറ്റിയത് അപകടങ്ങളും ആളപായങ്ങളും കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.
പലയിടത്തും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ വൈദ്യസഹായം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ആരോഗ്യ വകുപ്പും സന്നദ്ധ പ്രവർത്തകരും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ശക്തമായ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും അധികൃതർ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്ന ആരോപണം ശക്തമാണ്. ലക്ഷദ്വീപ് കേന്ദ്രമായാണ് മഹ ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. മിനി കോയുടെ 210 കിലോമീറ്റർ ദൂരത്തിലും കവരത്തിയുടെ എൺപത് കിലോമീറ്റർ അടുത്തുമാണ് ചുഴലിയുടെ സ്ഥാനം. തൊണ്ണൂറ് മുതൽ നൂറ്റിനാൽപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും ചുഴലിക്കാറ്റിൻ്റെ സഞ്ചാര പഥത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.