എറണാകുളം:നരേന്ദ്ര മോദി സർക്കാർ നഗ്നമായി ഫാസിസ്റ്റ് പാതയിലേക്ക് നീങ്ങുന്നതിന്‍റെ തെളിവാണ് ഡൽഹിയിലെ മാധ്യമ സ്ഥാപനത്തിലെ റെയ്‌ഡെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി (MA Baby About Media Office Raid In Delhi). ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ പ്രകടന സ്വാത്വന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണിതെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ എംഎ ബേബി പറഞ്ഞു.
റെയ്‌ഡ് നടത്തിയ സ്ഥാപനത്തിന് നേരെ മുമ്പും കേന്ദ്ര സർക്കാർ വൈരാഗ്യത്തോടെ വിവിധ അന്വേഷണ ഏജൻസികളെ കെട്ടഴിച്ച് വിട്ടിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുളള കോൺഗ്രസ് സേച്ഛാധിപത്യ ഗവൺമെന്‍റ് അറസ്റ്റ് ചെയ്‌ത് പീഡിപ്പിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ ഡോ. പ്രബീർ പുര്‍കായസ്‌തയാണ് ന്യൂസ് ക്ലിക്ക് സ്ഥാപകൻ. ചോദ്യം ചെയ്യൽ എന്ന പേരിൽ അദ്ദേഹത്തെ മാസങ്ങളോളം പീഡനത്തിന് ഇരയാക്കി. ഇതേ മാധ്യമ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയുടെ പിതാവ് താമസിക്കുന്നത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ താമസ സ്ഥലത്താണ്. അവിടെയും റെയ്‌ഡ് പ്രഹസനം നടത്തുകയുണ്ടായെന്നും എംഎ ബേബി കുറ്റപ്പെടുത്തി.
മാധ്യമ പ്രവർത്തനം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ അതിക്രമത്തിനെതിരെ ശബ്‌ദമുയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങൾ വിശേഷിച്ചും ഇക്കാര്യത്തില്‍ അവരുടെ പ്രതികരണം അറിയിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. മോദിയെയും അമിത് ഷായെയും അനുകൂലിക്കുന്നവരാണ് മാധ്യമങ്ങളിൽ നല്ലൊരു ഭാഗവും. അവര്‍ക്കെതിരെ വിമർശനപരമായ നിലപാട് എടുക്കുന്ന കുറച്ച് മാധ്യമങ്ങൾ മാത്രമേയുള്ളൂ. അത്തരം മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. ഇതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും എംഎ ബേബി വ്യക്തമാക്കി.