എറണാകുളം:ലൈഫ് മിഷന്‍ കോഴക്കേസില്‍ ജാമ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഹൈക്കോടതിയിൽ. കേസില്‍ റിമാന്‍ഡില്‍ തുടരവേയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ കീഴ് കോടതിയില്‍ സമര്‍പ്പിച്ച ശിവശങ്കറിന്‍റെ ജാമ്യ ഹര്‍ജി കോടതി തള്ളിയിരുന്നു.
നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള ആളാണ് താനെന്നും ആരോഗ്യാവസ്ഥ കണക്കിലെടുത്ത് സമാനമായ കേസിൽ നേരത്തെ ജാമ്യം അനുവദിച്ചിരുന്നുവെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ പറയുന്നു. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അധികാര ദുർവിനിയോഗം നടത്തിയാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളതെന്നും തന്നെ കേസുമായി ബന്ധിപ്പിക്കും വിധമുള്ള യാതൊരു തെളിവുകളില്ലെന്നും ഇഡി തന്നെ വേട്ടയാടുകയാണെന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
ചോദ്യം ചെയ്യലുമായി താന്‍ സഹകരിച്ചിരുന്നെന്നും ജാമ്യം അനുവദിക്കണമെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ കോഴക്കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി ഒന്‍പത് ദിവസത്തെ ഇഡിയുടെ കസ്റ്റഡി കാലാവധിയ്‌ക്ക് ശേഷം നിലവില്‍ കാക്കനാട് ജില്ല ജയിലിൽ റിമാൻഡില്‍ തുടരുകയാണ് ശിവശങ്കർ. അതേ സമയം ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ കീഴ് കോടതി ജാമ്യപേക്ഷ തള്ളിയത്.
മാത്രമല്ല ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ ഇഡി ശക്തമായി എതിര്‍ക്കുകയും ചെയ്‌തിരുന്നു. ശിവശങ്കറിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. കേസില്‍ ശിവശങ്കറിന് എതിരെ ശക്തമായ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ഇഡി കോടതിയെ അറിയിച്ച ഇത്തരം കാര്യങ്ങള്‍ പരിഗണിച്ച് കോടതി ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
also read:ലൈഫ് മിഷൻ കോഴക്കേസ്: ശിവശങ്കറിന് തിരിച്ചടി, ജാമ്യാപേക്ഷ കോടതി തള്ളി
ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എം. ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്‌തത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തത്. യുഎഇ കോണ്‍സുലേറ്റ് മുഖേന റെഡ് ക്രസന്‍റ് അനുവദിച്ച പണം കൊണ്ട് 140 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന പദ്ധതിയില്‍ തട്ടിപ്പ് നടത്തിയെന്നതാണ് കേസ്.
സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്, എം ശിവശങ്കര്‍ എന്നിവര്‍ വീട് നിര്‍മാണത്തിന്‍റെ കരാര്‍ ലഭിക്കാനായി യൂണിടാക് മാനേജിങ് ഡയറക്‌ടറായ സന്തോഷ് ഈപ്പന് കൈക്കൂലി നല്‍കിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. നിര്‍മാണവുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ ഇരുവര്‍ക്കും കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന് ലൈഫ് മിഷന്‍ കോഴക്കേസില്‍ പങ്ക് ഉണ്ടെന്ന സ്വപ്‌ന സുരേഷിന്‍റെയും സരിത്തിന്‍റെയും മൊഴി കേസില്‍ നിര്‍ണായകമായി.
ശിവശങ്കറിന്‍റെ ലോക്കറില്‍ നിന്ന് ലഭിച്ച 1 കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയില്‍ കോഴയായി ലഭിച്ചതാണന്നായിരുന്നു സ്വപ്‌നയുടെ മൊഴി. ഇത്തരം സാഹചര്യങ്ങളെ കണക്കിലെടുത്താണ് ശിവശങ്കറിനെ പ്രതി ചേര്‍ത്ത് അന്വേഷണം ആരംഭിച്ചത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളില്‍ എം ശിവശങ്കറിനെ മാത്രമാണ് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് എം ശിവശങ്കറിനെതിരെയുള്ള അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തണമെന്നും സംഭവത്തില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും അടക്കം രംഗത്തെത്തിയിരുന്നു.
also read:ലൈഫ് മിഷന്‍ കോഴക്കേസ്: ഇഡി കസ്റ്റഡി ആവശ്യപ്പെട്ടില്ല, എം ശിവശങ്കര്‍ റിമാന്‍ഡില്‍