എം. ശിവശങ്കർ ഒരാഴ്‌ചത്തേക്ക് എൻഫോഴ്‌സ്‌മെന്‍റ് കസ്റ്റഡിയിൽ
11:05 October 29
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഇ.ഡി രജിസ്റ്റർ ചെയ്‌ത കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കർ. സ്വപ്‌ന, സരിത്ത്, സന്ദീപ്, ഫൈസൽ ഫരീദ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
കൊച്ചി: അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഒരാഴ്‌ചത്തെ എൻഫോഴ്‌സ്‌മെന്‍റ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷത്തിനായി രണ്ടാഴ്‌ച കസ്റ്റഡി ആവശ്യപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ശിവശങ്കറിനെ ഹാജരാക്കിയത്. എന്നാൽ കസ്റ്റഡി അപേക്ഷയെ ശിവശങ്കറിന്‍റെ അഭിഭാഷകൻ എതിർത്തില്ല. ചോദ്യം ചെയ്യലിന് ശിവശങ്കർ സഹകരിക്കുന്നില്ലെന്നാണ് അറസ്റ്റിന് കാരണമായി ഇ.ഡി പറഞ്ഞത്.
അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തിയായിരുന്നു ഹാജരാക്കൽ. നിരന്തരമായ ചോദ്യം ചെയ്യലിൽ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്ന് ശിവശങ്കർ കോടതിയെ അറിയിച്ചു. നടുവേദനയുള്ളതിനാൽ തുടർച്ചയായ ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടു. നടുവേദനയുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി. ആവശ്യമായ വൈദ്യസഹായം നൽകണമെന്ന് ശിവശങ്കറിൻ്റെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് മൂന്നു മണിക്കൂറിൽ കൂടുതൽ ഒരുമിച്ച് ചോദ്യം ചെയ്‌താൽ ഒരു മണിക്കൂർ വിശ്രമം നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
ഒൻപത് മണി മുതൽ ആറ് മണി വരെ മാത്രം ചോദ്യം ചെയ്യാവൂവെന്നും ആവശ്യമെങ്കിൽ കസ്റ്റഡി സമയത്ത് ശിവശങ്കറിന് ആയുർവേദ ചികിത്സ നൽകണമെന്നും കോടതി ഉത്തരവിട്ടു. മകൻ, സഹോദരൻ, ഭാര്യ എന്നിവരെ കാണാനും കോടതി അനുമതി നൽകി.