എറണാകുളം: സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിനെതിരെ കേരള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. കേരളത്തിൽ നടന്ന സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ശിവശങ്കറിനെ 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. വിരമിക്കുന്നതിന് മുമ്പ് തനിക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടികൾ വേഗത്തിലാക്കാനും അന്തിമമാക്കാനും സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന് അദ്ദേഹം ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു.
2023 ജനുവരി 31നാണ് ശിവശങ്കർ സർവീസിൽ നിന്ന് വിരമിക്കുക. ഇത് ചൂണ്ടിക്കാട്ടി കേരള ചീഫ് സെക്രട്ടറിക്കും പൊതുഭരണ സെക്രട്ടറിക്കും ട്രൈബ്യൂണൽ നോട്ടീസ് അയച്ചിട്ടുണ്ട്. തനിക്കെതിരെയുള്ള മുഴുവൻ അച്ചടക്ക നടപടികളും നിയമവിരുദ്ധമാണെന്ന് വാദിക്കുകയും കൂടാതെ തന്നെ നിയമവിരുദ്ധമായി സസ്പെൻഡ് ചെയ്‌ത കാലയളവ് ഒരു ഡ്യൂട്ടി കാലയളവായി കണക്കാക്കാനും ശിവശങ്കർ ആവശ്യപ്പെട്ടു.