എറണാകുളം: സ്വർണക്കടത്ത് കേസില്‍ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്‌ത എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ എം.ശിവശങ്കറിന്‍റെ വാദം പൂർത്തിയായിരുന്നു
ഇ.ഡിയുടെ വാദമാണ് ഇന്ന് നടക്കുക. എൻഫോഴ്‌സ്‌മെന്‍റിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ഹാജരാകും. ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ എം.ശിവശങ്കറിന്‍റെ വാദം പൂർത്തിയായിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തനിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാദം. പ്രതി സ്വപ്‌ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തന്നെ പ്രതി ചേർത്തതെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ജാമ്യം നൽകണമെന്നും എം. ശിവശങ്കർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ ഇ.ഡി. ശക്തമായി എതിർക്കും. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഈ സമയത്ത് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിക്കും. അതോടൊപ്പം ശിവശങ്കറിനെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്‌തത് ഏത് സാഹചര്യത്തിലാണന്നും ഇഡി കോടതിയിൽ വിശദീകരിക്കും.