എറണാകുളം: ലൈഫ് മിഷന്‍റെയും കെ ഫോണിന്‍റെയും രഹസ്യ വിവരങ്ങൾ എം.ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറിയെന്ന് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിലാണ് എന്‍ഫോഴ്സ്‌മെന്‍റ് ഈ കാര്യം വ്യക്തമാക്കിയത്. വാട്‌സ്ആപ്പ് ചാറ്റുകൾ ഇതിന് തെളിവാണ്. രഹസ്യവിവരങ്ങൾ കൈമാറിയത് സൂചിപ്പിക്കുന്നത് ശിവശങ്കർ ദുരൂഹ ഇടപാടിന്‍റെ ഭാഗമാണെന്നാണ്. അന്വേഷണം വഴി തെറ്റിക്കാൻ ശിവശങ്കർ ശ്രമിക്കുന്നു. കോൺസുലേറ്റിലെ ഫിനാൻസ് മേധാവി ഖാലിദുമായി അടുപ്പമുണ്ടെന്ന കാര്യം ശിവശങ്കർ ആദ്യം നിഷേധിച്ചു. പിന്നീട് ഖാലിദിനെ അറിയാമെന്ന് സമ്മതിച്ചു. യൂണിടാകിൽ നിന്ന് പണം കൈപ്പറ്റിയ ഖാലിദുമായി ശിവശങ്കറിന്‍റെ ബന്ധം അന്വേഷിക്കണമെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.
രഹസ്യ വിവരങ്ങൾ എം.ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറിയെന്ന് ഇഡി - കെ ഫോണ്‍
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിലാണ് എന്‍ഫോഴ്സ്‌മെന്‍റ് ഈ കാര്യം വ്യക്തമാക്കിയത്. വാട്‌സ്ആപ്പ് ചാറ്റുകൾ ഇതിന് തെളിവാണെന്നും ഡയറക്ടറേറ്റ്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇ.ഡി.യുടെ അന്വേഷണ പരിധിയിൽ വരുമോയെന്നും കോടതി ചോദിച്ചു. അതേസമയം ഏഴ് ദിവസത്തെ ഇ.ഡി കസ്റ്റഡി പൂർത്തിയായതിനെ തുടർന്ന് എം. ശിവശങ്കറിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. കസ്റ്റഡി നീട്ടണമെന്ന് ഇ.ഡി യുടെ ആവശ്യം കോടതി അംഗീകരിച്ചു. ആറ് ദിവസം കൂടിയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. ഏഴ് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നായിരുന്നു എന്‍ഫോഴ്സ്‌മെന്‍റ് ആവശ്യപെട്ടത്. കസ്റ്റഡിയെ കുറിച്ച് പരാതിയുണ്ടോയെന്ന് കോടതി ശിവശങ്കറിനോട് ചോദിച്ചു. ഇതേ തുടർന്ന് ശിവശങ്കർ ജഡ്ജിയോട് നേരിട്ട് സംസാരിച്ചു. നിലവിൽ കസ്റ്റഡിയെ കുറിച്ച് പരാതികളില്ലെന്നാണ് ശിവശങ്കർ അറിയിച്ചത്.