എറണാകുളം: സ്വർണക്കടത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് രജിസ്റ്റർ ചെയ്‌ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇ.ഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ പ്രാഥമിക കുറ്റപത്രത്തിലെ പരാമർശങ്ങൾ ചൂണ്ടികാണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തന്നെ മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇ.ഡി വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. തുടർന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണ്. സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ യു.എ.ഇ. കോൺസുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തുടർന്നാണ് കോൺസുലേറ്റിലെ സെക്രട്ടറിയായ സ്വപ്‌ന സുരേഷിനെ പരിചയപ്പെടുന്നത്. അവരുമായി വ്യക്തിപരമായ സൗഹൃദമുണ്ടായിരുന്നു. ഇതിനെ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് എം.ശിവശങ്കർ
ഇ.ഡി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിനെ തുടർന്ന് ശിവശങ്കർ കൊച്ചിയിലെ അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടിയിരുന്നു. ഇതേ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ശിവശങ്കർ
എൻഫോഴ്സ്മെന്‍റിന്‍റെ ആവശ്യപ്രകാരം എം.ശിവശങ്കർ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഇന്ന് ഹാജരാകേണ്ടതായിരുന്നുവെങ്കിലും പിന്നീട് ഹാജരാകാൻ സമയം ആവശ്യപ്പെട്ടു.