എം ശിവങ്കര്‍ റിമാന്‍ഡില്‍ എറണാകുളം:ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇഡി കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ റിമാന്‍ഡ് ചെയ്‌തു. ഒമ്പത് ദിവസത്തെ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി. പിഎംഎല്‍എ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് രണ്ടാഴ്‌ചത്തേക്ക് ശിവശങ്കറിനെ റിമാന്‍ഡ് ചെയ്‌തത്.
അതേസമയം ഇഡി വീണ്ടും ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. കേസിന്‍റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണമെന്ന ഇഡി ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ കോടതി ഇന്ന് മാധ്യമ പ്രവർത്തകരെ അനുവദിച്ചില്ല.
അടിച്ചിട്ട മുറിയിലായിരുന്നു നടപടികൾ പൂർത്തിയാക്കിയത്. കേസില്‍ തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും ശിവശങ്കര്‍ പണം കൈപ്പറ്റിയെന്ന് സമ്മതിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സ്വപ്‌നയുമായി നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റുകൾ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമാണ് ശിവശങ്കർ മറുപടി നൽകിയത്.
ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും ശിവശങ്കര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി അടുത്ത ദിവസം പരിഗണിയ്‌ക്കും. നയതന്ത്ര കള്ളക്കടത്ത് കേസിൽ എൻഐഎ, ഇഡി, കസ്റ്റംസ് കേസിൽ ജയിലിൽ കഴിഞ്ഞ ശിവശങ്കറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് ശേഷം ലൈഫ് മിഷന്‍ കോഴ കേസിലും ശിവശങ്കർ ജയിലിലടക്കപ്പെടുകയാണ്.
സര്‍വീസിലിരിക്കെയാണ് നയതന്ത്ര കള്ളക്കടത്ത് കേസില്‍ ശിവശങ്കര്‍ ജയില്‍ പോയതെങ്കില്‍ ഇന്ന് ലൈഫ് മിഷന്‍ കേസില്‍ റിട്ടയര്‍മെന്‍റിന് ശേഷമാണ് ജയിലിലടക്കപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ഫെബ്രുവരി 14നാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ലൈഫ് മിഷന്‍ കേസിലെ ആദ്യ അറസ്റ്റും ഇത് തന്നെയാണ്. എന്നാല്‍ ലൈഫ് മിഷന്‍ കോഴ കേസ് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നാണ് ശിവശങ്കറിന്‍റെ വാദം.
ലൈഫ് മിഷനും കോഴക്കേസും:യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച പണം ചെലവഴിച്ച് ലൈഫ് മിഷൻ പദ്ധതിയിലൂടെ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാൻ ഉദ്ദേശിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോഴ ഇടപാട് കേസ് രജിസ്റ്റർ ചെയ്‌തത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി ശിവശങ്കര്‍ സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപ്പെടെയുള്ള പ്രതികൾക്ക് കൈക്കൂലി നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിരുന്നു. കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റി എന്നും പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയിരുന്നു.
ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച ലൈഫ് മിഷൻ കമ്മിഷനായിരുന്നുവെന്നാണ് സ്വപ്‌നയുടെ ആരോപണം. ഈയൊരു സാഹചര്യത്തിലായിരുന്നു ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കറിനെ പ്രതിയാക്കി ഇ.ഡി അറസ്റ്റ് ചെയ്‌തത്.
also read:ശിവശങ്കറിന്‍റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും