കേരളം

kerala

ETV Bharat / state

50-ാം വിവാഹ വാർഷികത്തിൽ 7 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സൗജന്യമായി സ്ഥലം; മാതൃകയായി കൂത്താട്ടുകുളത്തെ വയോധിക ദമ്പതികൾ - lukose celin marriage anniversary

50-ാം വിവാഹ വാർഷികത്തിൽ കൂത്താട്ടുകുളത്തെ വയോധിക ദമ്പതികൾ ഏഴ് കുടുംബങ്ങൾക്ക് ഭൂമി സൗജന്യമായി നൽകി

കൂത്താട്ടുകുളത്തെ വയോധിക ദമ്പതികൾ  ലൂക്കോസ് സെലിൻ ദമ്പതികൾ  7 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സൗജന്യമായി സ്ഥലം  വിവാഹ വാർഷികത്തിൽ വീട് നിർമിക്കാൻ സ്ഥലം  lukose celin marriage  marriage anniversary  lukose celin marriage anniversary  Free land for families to build houses
കൂത്താട്ടുകുളത്തെ വയോധിക ദമ്പതികൾ

By

Published : May 26, 2023, 3:53 PM IST

ഭൂമി നൽകി ദമ്പതികൾ

എറണാകുളം : കൂത്താട്ടുകുളം ഇലഞ്ഞി വെള്ളമാത്തടത്തിൽ വീട്ടിൽ ലൂക്കോസ്, സെലിൻ ദമ്പതികളുടെ വിവാഹ ജീവിതത്തിന്‍റെ അമ്പതാം വാർഷികാഘോഷത്തിൽ ഏറെ സന്തുഷ്‌ടരാണ് നാട്ടുകാർ. ഏഴ് കുടുംബങ്ങൾക്ക് വീട് നിർമാണത്തിന് സൗജന്യമായി സ്ഥലം നൽകിയാണ് ഇവർ ദാമ്പത്യത്തിന്‍റെ സുവർണജൂബിലി അവിസ്‌മരണീയമാക്കിയത്. 71 കാരനായ വി.ജെ.ലൂക്കോസും 66 കാരിയായ സെലിൻ ലൂക്കോസും കഴിഞ്ഞ ജനവരി 15 നാണ് വിവാഹ ജീവിതത്തിന്‍റെ അമ്പതാം വർഷത്തിലേക്ക് കടന്നത്.

എന്നാൽ ആ സന്തോഷം അവരിൽ മാത്രം ഒതുങ്ങിയില്ല. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവരെ കണ്ടെത്തി അവർക്ക് ഭൂമി സൗജന്യമായി നൽകുന്ന ഒരു പദ്ധതി നടപ്പാക്കണമെന്ന് ലൂക്കോസും സെലിനും തീരുമാനമെടുത്തു. ഇവരുടെ മക്കളും ഈ തീരുമാനത്തെ പിന്തുണച്ചു. ഇതോടെ തങ്ങളുടെ തീരുമാനം ഇവർ നാട്ടുകാരെ അറിയിച്ചു.

കൂത്താട്ടുകുളം, പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി, വെളിയന്നൂർ ഇടുക്കി പ്രദേശങ്ങളിൽ നിന്നായി 50 ലധികം അപേക്ഷകൾ ലഭിച്ചു. ഇതിൽ നിന്നാണ് ഏഴ് കുടുംബങ്ങളെ തെരഞ്ഞെടുത്തത്. സ്വന്തമായി സ്ഥലവും വീടുമില്ലാത്തവർ, കുടുംബമായി കഴിയുന്നവർ തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അർഹതപ്പെട്ടവരെ കണ്ടെത്തിയത്. അങ്ങനെ അവർ വീടില്ലാത്ത ഏഴു കുടുംബങ്ങൾക്ക് ഭൂമിയുടെ കൈവശാവകാശ രേഖകൾ കൈമാറി തങ്ങളുടെ തീരുമാനം നിറവേറ്റുകയും ചെയ്‌തു.

അമ്മയുടെ വാക്കുകൾ പ്രചോദനം : ഇത്തരമൊരു തീരുമാനത്തിന് പ്രചോദനമായത് തന്‍റെ അമ്മയുടെ വാക്കുകളാണെന്നാണ് ഈ ധാനധർമ്മത്തെ കുറിച്ച് ലൂക്കോസ് പറഞ്ഞത്. ദൈവാനുഗ്രഹം കൊണ്ട് സ്വന്തമായി ആവശ്യത്തിന് സ്ഥലമുണ്ടല്ലോയെന്നും ഇതിൽ നിന്നും ഒന്നോ രണ്ട് പേർക്ക് വീടിനുള്ള സ്ഥലം നൽകണമെന്നുമായിരുന്നു ലൂക്കോസിന്‍റെ അമ്മ മരിക്കുന്നതിന് മുമ്പ് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിൽ മറ്റ് പ്രശ്‌നങ്ങൾ ഇല്ലാത്തത് കൊണ്ടും രണ്ട് മക്കൾക്കും ജോലിയുള്ളതുകൊണ്ടുമാണ് തനിക്ക് ഈ പ്രവർത്തനത്തിന് ഉത്സാഹം കൂടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മ പറഞ്ഞതിനേക്കാൾ കൂടുതൽ പേർക്ക് വീട് നിർമാണത്തിനാവശ്യമായ ഭൂമി നൽകാൻ ലൂക്കോസ് സന്നദ്ധനായതോടെ ആകെ 25 പേർക്കാണ് ഭവനരഹിതരുടെ പട്ടികയിൽ നിന്ന് കരകയറാൻ കഴിഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് 18 കുടുംബങ്ങൾക്ക് വീടുവയ്‌ക്കാൻ കൂത്താട്ടുകുളം നഗരസഭയിലെ കൂത്താട്ടുകുളം സൗത്ത് ചോരക്കുഴി ഭാഗത്ത് ലൂക്കോസ് സൗജന്യമായി സ്ഥലം നൽകിയിരുന്നു. ലൂക്കോസിന്‍റെ മാതാവ് ഏലിയാമ്മ ജോസഫിന്‍റെ സ്‌മരണയ്‌ക്കാണ് അന്ന് ആ പദ്ധതി നടപ്പാക്കിയത്.

മാതൃക കർഷക ദമ്പതികൾ : ഇതിനോട് ചേർന്ന് എം.സി.റോഡിൽ നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള 21 സെന്‍റ് ഭൂമിയാണ് പുതിയതായി ഏഴ് കുടുംബങ്ങൾക്ക് മൂന്ന് സെന്‍റ് വീതമായി നൽകിയത്. ഇതോടൊപ്പം മൂന്ന് സെന്‍റ് പൊതു ഉപയോഗത്തിനായി മാറ്റി വച്ചിട്ടുമുണ്ട്. മാതൃക കർഷക ദമ്പതികൾ കൂടിയാണ് ലൂക്കോസും സെലിനും. സാമൂഹ്യ പ്രവർത്തനങ്ങളിൽ തൽപരനായ അദ്ദേഹം ഇലഞ്ഞി റബ്ബർ ഉത്‌പാദക സംഘത്തിന്‍റെ പ്രസിഡന്‍റ് കൂടിയാണ്.

കൂത്താട്ടുകുളത്ത് എസ്.എൻ.ഡി.പി. ഹാളിൽ ചേർന്ന ചടങ്ങിലാണ് നാട്ടുകാരുടെ സാന്നിധ്യത്തിൽ ഭൂമിയുടെ ആധാരങ്ങൾ ഏഴ് കുടുംബങ്ങൾക്ക് ലൂക്കോസും സെലിനും കൈമാറിയത്. ഉള്ളത് മുഴുവൻ കൈപ്പിടിയിലൊതുക്കുകയും അപരന്‍റേത് കൂടി വെട്ടിപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ ചുറ്റുമുള്ള കാലത്ത് നന്മയുടെ മാതൃക കൂടിയാണ് കൂത്താട്ടുകുളത്തെ ഈ വയോധിക ദമ്പതികൾ സൃഷ്‌ടിച്ചത്.

ABOUT THE AUTHOR

...view details