എറണാകുളം:കൊച്ചിയിൽ പാർസലായി വിദേശത്തു നിന്ന് ലഹരി മരുന്ന് എത്തിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി എക്സൈസ്. വിദേശത്തു നിന്നും പാർസൽ വഴി ലഹരി കടത്തിയ പ്രതികൾ പണം നൽകിയത് ക്രിപ്റ്റോ കറൻസി വഴിയെന്ന് കണ്ടെത്തി. പ്രതികളുടെ ഫോണിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കോഴിക്കോട് സ്വദേശി ഫസലു തിരുവനന്തപുരം സ്വദേശി ആദിത്യ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഇവരുടെ മേൽവിലാസത്തിലായിരുന്നു ഖത്തർ, നെതർലൻഡ് എന്നിവിടങ്ങളിൽ നിന്ന് ലഹരി വസ്തുക്കള്‍ എത്തിയത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.
രണ്ടു പാര്‍സലുകളിലായി 31 എല്‍എസ്‌ഡി സ്റ്റാമ്പുകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 26 എല്‍എസ്‌ഡി സ്റ്റാമ്പുകള്‍ ഫസലുവിന്‍റെ മേല്‍വിലാസത്തിലും. 5 എല്‍എസ്ഡി ആദിത്യയുടെ മേല്‍വിലാസത്തിലുമായിരുന്നു എത്തിയത്. ഇതേതുടര്‍ന്ന് ഇവരുടെ വീടുകളിലെത്തിയും എക്സൈസ് പരിശോധന നടത്തി.
കോഴിക്കോട് സ്വദേശി ഫസലുവിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്‍എസ്ഡി ഉള്‍പ്പടെയുള്ള ലഹരി മരുന്നുകളും എക്സൈസ് പിടികൂടിയിരുന്നു. പാര്‍സല്‍ സര്‍വീസുകള്‍ വഴി കേരളത്തില്‍ ലഹരി മരുന്നുകള്‍ എത്തുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് എക്സൈസ് പരിശേധന ശക്തമാക്കിയത്.
ALSO READ:ലഹരി മരുന്ന് വിദേശത്ത് നിന്ന് പാർസലായി കൊച്ചിയിലെത്തിച്ചു; രണ്ട് പേർ പിടിയിൽ