എറണാകുളം: കാട്ടുകൊമ്പൻ കാടിറങ്ങുന്നതു പോലെ കുന്നും മലയും താണ്ടി തടി ലോറികൾ വരുന്ന കാഴ്ച ഉൾപ്പുളകത്തോടെ കണ്ട് ആസ്വദിച്ചവർ ഏറെയാണ്. ഈ ലോറികളുടെ ആരാധകർ ആയി മാറിയവർ പഴയ തലമുറയിൽ നിരവധിപ്പേരാണ്. ചിത്രപ്പണികൾ കൊണ്ടും, കൊത്ത് പണികൾ കൊണ്ടും മോടി പിടിപ്പിച്ച ഗജ ഗാംഭീര്യമുള്ള ടാറ്റാ എസ്ഇ (SE) ലോറികൾ ഒരു കാലത്ത് ആരാധകർ ഏറെയുള്ള റോഡിലെ താരങ്ങളായിരുന്നു. കൊത്തുപണികൾ കൊണ്ട് ചിത്രങ്ങൾ ഉണ്ടാക്കുന്നതും അതിൽ ചായങ്ങൾ തേച്ച് ഭംഗിയാക്കി മോടി പിടിപ്പിക്കുന്ന ആശാൻമാർക്കും ഉണ്ടായിരുന്നു ആരാധകർ.
നൂറുകണക്കിനു കുതിരകളുടെ ശക്തിയും പുത്തൻ സാങ്കേതിക വിദ്യയും ഹൈടെക് സംവിധാനങ്ങളും ഉള്ള ലോറികൾ നിരത്തു വാഴാൻ ആരംഭിച്ചതോടെ പഴയ എസ്ഇ ലോറികളുടെ പ്രൗഢി നഷ്ടമായി. ഒരു ചെറിയ ബ്രഷ് കൊണ്ട് വർണക്കാഴ്ചകളുടെ മായാജാലം ലോറിയിൽ തീർത്തിരുന്ന പെയിന്‍റിങ് ആശാന്മാരുടെ പ്രഭാവവും മങ്ങി. വർക്ക് ഷോപ്പുകളിൽ നിന്ന് വർക്ക് ഷോപ്പുകളിലേക്ക് തിരക്കിട്ട് ഓടി നടന്നു ചിത്രപ്പണികളും - കൊത്തു പണികളും ചെയ്തിരുന്നവർ ഇപ്പോൾ വല്ലപ്പോഴും എസ്ഇ ലോറികൾ വർക് ഷോപ്പിൽ എത്തുമ്പോൾ മാത്രം ജോലി ഉള്ളവരായി മാറി. ഓരോ വർഷവും കൂടുതൽ ലോറികൾ കണ്ടം ചെയ്യപ്പെടുന്നത് ഇവരെ ആശങ്കയിൽ ആക്കുന്നുണ്ട്.
ലോറികളിലെ ചിത്രപ്പണികൾ ചെയ്യുന്നത് മാജിക് കാണുന്നതുപോലെ കൗതുകകരമാണ്. പൂക്കളും ചെറു രൂപങ്ങളും മണിക്കൂറുകളോളം തടിയിൽ കൊത്തിചിത്രങ്ങളാക്കി മാറ്റുന്നതും ഒളിഞ്ഞിരിക്കുന്ന പേരുകളും ഫോൺ നമ്പറുകളും പഴമൊഴികളും ചിത്രകാരന്‍റെ കയ്യടക്കത്തിന്‍റെയും മനക്കണക്കിന്‍റെയും കൃത്യതയാണ് വെളിപ്പെടുത്തുന്നത്. ലോറിയുടെ മുൻപിലെ എടുപ്പിനു ചേർന്നുള്ള ചിത്രപ്പലകയിലും നെയിം ബോർഡിലും കാബിനിലും പ്ലാറ്റ്ഫോമിലുമായി നൂറിലധികം ചെറു രൂപങ്ങളാണ് കൊത്തുപണികളിലൂടെയും പെയിന്‍റിങ് ആശാന്മാരുടെ കഴിവു കൊണ്ട് ലോറിയിലെ ഇനാമൽ പെയിന്‍റിൽ വരച്ചിടുന്നത്.
ലോറികളിൽ വർണ്ണ പ്രപഞ്ചം തീർക്കുന്ന 'ആശാൻമാർ' പ്രതിസന്ധിയിൽ പക്ഷികൾ, മൃഗങ്ങൾ എന്നിവ കൂടാതെ പ്രകൃതിയുടെ പല ഭാവങ്ങൾ കുന്നുകളും മലകളും മരങ്ങളും സൂര്യോദയവും അസ്‌തമയവും ലോറിയിലെ ചിത്രപ്പണികളിൽ ഇവർ ചേർത്തു വയ്ക്കാറുണ്ട്. ലോറിയുടെ കാബിന്‍റെ പിറകിൽ ദൈവങ്ങളുടെയും ആനയുടെയും വലിയ കലാകാരന്മാരുടെയുമൊക്കെ ചിത്രങ്ങളായിരുന്നു വരച്ചിരുന്നത്. ഒരു ദിവസം മൂന്നു ലോറികൾ വരെ ഒരേസമയം പെയിന്‍റ് ചെയ്തിരുന്ന കാലത്തിൽ ഒരു മാസം നൂറോളം ലോറികൾ പെയിന്‍റ് ചെയ്ത് നിരത്തിലിറങ്ങിയ കാലമുണ്ടായിരുന്നുവെന്ന് 30 വർഷം മുൻപ് ലോറി പെയിന്‍റിങ് മേഖലയിൽ സജീവമായ തൊഴിലാളികൾ പറയുന്നു.
മൂവാറ്റുപുഴ മേഖലയിൽ മാത്രം ഇത്തരത്തിലുള്ള ലോറികളിൽ കൊത്തുപണികളും പെയിന്‍റിങ് ജോലി ചെയ്യുന്നതുമായ മുപ്പതോളം വർക് ഷോപ്പുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് മൂന്നോ നാലോ വർക്ക് ഷോപ്പുകൾ മാത്രമാണ് ഉള്ളത്. മുപ്പതോളം പെയിന്‍റിങ് ആശാന്മാർ ഉണ്ടായിരുന്ന കാലം മാറി ഇപ്പോൾ അഞ്ചോ ആറോ പേരായി ചുരുങ്ങി. അമ്പത് വർഷമായി ഈ മേഘലയിൽ തൊഴിലെടുക്കുന്ന പല തൊഴിലാളികളും ഇന്ന് പ്രതിസന്ധിയിലാണ്. കേന്ദ്ര സർക്കാർ ഇത്തരം ജോലിക്കായി പുതിയ നിയമം കൊണ്ടുവന്നതുമൂലം വർഷങ്ങളായി ഈ ജോലി ചെയ്ത് വന്നിരുന്ന തൊഴിലാളികൾ പ്രതിസന്ധിയിലാണ്. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി ഈ മേഖലയിൽ ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.