എറണാകുളം:പ്രമുഖ വ്ളോഗർമല്ലു ട്രാവലർ ഷക്കീർ സുബാനെതിരായ പീഡന പരാതിയിൽ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി (Vlogger Mallu Traveler Harassment Case). ചോദ്യം ചെയ്യലിന് ഹാജരാകാതെ പ്രതി വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. എത്രയും പെട്ടന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനാണ് പൊലീസ് നിർദേശിച്ചിരിക്കുന്നത് (Police Issued Lookout Circular Against Vlogger Mallu Traveler).
സൗദി സ്വദേശിനിയുടെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. കഴിഞ്ഞ 13-ാം തീയതി എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സൗദി സ്വദേശിനിയെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്.
ഈ സമയത്ത് പ്രതിശ്രുത വരനും യുവതിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. ഇതേ തുടർന്ന് കണ്ണൂർ സ്വദേശിയായ ഷക്കീർ സുബാൻ വിദേശത്തേക്ക് കടന്നതായാണ് സൂചന.
അതേ സമയം പീഡനക്കേസിനെതിരെ പ്രതികരണവുമായി പ്രതി രംഗത്തെത്തിയിരുന്നു. തന്‍റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100% വ്യാജമാണെന്നും മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നോട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇതെന്ന് അറിയാം. എന്‍റെ ഭാഗം കൂടി കേട്ടിട്ട് അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു എന്നാണ് ആരോപണ വിധേയനായ വ്ളോഗർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.