എറണാകുളം: ലോകായുക്ത റിപ്പോർട്ട് ചോദ്യം ചെയ്ത് മുന്‍ മന്ത്രി കെ.ടി ജലീൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് പി.ബി സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ജലീലിന്‍റെ ഹർജിയിൽ വിധി പറയുക. ലോകായുക്ത റിപ്പോർട്ട് തയ്യാറാക്കിയത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നാണ് ഹർജിക്കാരന്‍റെ വാദം. നേരത്തെ ഈ ഹർജിയിൽ കോടതിയിൽ പ്രാഥമിക വാദം പൂർത്തിയാക്കിയിരുന്നു.
മുൻ മന്ത്രി കെ.ടി ജലീലിന്‍റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
ലോകായുക്ത റിപ്പോർട്ട് തയ്യാറാക്കിയത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നാണ് ഹർജിക്കാരന്‍റെ വാദം
ലോകായുക്ത പ്രാഥമിക അന്വേഷണമോ, അന്തിമ അന്വേഷണമോ നടത്തിയിട്ടില്ല. അതിനാൽ ലോകായുക്ത റിപ്പോർട്ട് നിയമപരമല്ല. പരാതിക്കാരൻ്റെ വാദങ്ങളാണ് റിപ്പോർട്ടായി മാറിയത്. എതിർ കക്ഷിയെ കേട്ടില്ലെന്ന വാദവും ജലീൽ കോടതിയിൽ ഉന്നയിച്ചിരുന്നു. ജലീലിന്‍റെ വാദങ്ങളെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി പിന്തുണച്ചിരുന്നു. അതേസമയം സ്വന്തം നിലയിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരം ഉണ്ടെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു.
ഹർജി ഫയലിൽ സ്വീകരിച്ച് തുടർ നടപടികളിലേക്ക് കടക്കണോയെന്ന കാര്യത്തിൽ ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് വിധി പറയുക. ലോകയുക്ത വിധിക്കെതിരെ ഉന്നയിച്ച സാങ്കേതിക കാരണങ്ങൾ കോടതി അംഗീകരിച്ചാൽ കെ.ടി.ജലീലിനും സർക്കാരിനും അത് ആശ്വാസം പകരുന്നതായിരിക്കും. ഹർജി തള്ളുകയാണെങ്കിലും ഹർജിക്കാരനും സർക്കാരിനും തിരിച്ചടിയാകുന്നതോടൊപ്പം ഇതൊരു രാഷ്ട്രീയ വിഷയമായി വീണ്ടും ചർച്ച ചെയ്യപ്പെടും.