കേരളം

kerala

ETV Bharat / state

കൊച്ചി വാട്ടർ മെട്രോ സർവീസ് പൂർണ സുരക്ഷിതം : ലോക്‌നാഥ് ബെഹ്‌റ - കൊച്ചി വാട്ടർ മെട്രോ സർവീസ്

താനൂർ ബോട്ടപകടത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചി ജലമെട്രോയുടെ സുരക്ഷിതത്വം വിശദമാക്കി ലോക്‌നാഥ് ബെഹ്‌റ

കൊച്ചി വാട്ടർ മെട്രോ  ലോക് നാഥ് ബെഹ്‌റ  Lokanath Behera  kochi water metro security  kochi water metro  Lokanath Behera  ജലമെട്രോ  കൊച്ചി വാട്ടർ മെട്രോ സർവീസ്  താനൂർ ബോട്ടപകടം
കൊച്ചി വാട്ടർ മെട്രോ

By

Published : May 8, 2023, 9:22 PM IST

ലോക് നാഥ് ബെഹ്‌റ മാധ്യമങ്ങളോട്

എറണാകുളം :കൊച്ചി വാട്ടർ മെട്രോ സർവീസ് പൂർണ സുരക്ഷിതമെന്ന് എം ഡി ലോക്‌നാഥ് ബെഹ്‌റ. താനൂർ ബോട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ബെഹ്‌റയുടെ പ്രതികരണം. വാട്ടർ മെട്രോയുടെ ബോട്ടുകൾ രൂപകൽപ്പന ചെയ്‌തത് പൂർണമായും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ്. ഇതിന് അന്താരാഷ്ട്ര നിലവാരത്തിലുളള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ബോട്ടിൽ അനുവദനീയമായ എണ്ണം ആളുകൾക്ക് മാത്രമാണ് യാത്ര ചെയ്യാൻ കഴിയുക. നിർമിത ബുദ്ധിയുടെ സാങ്കേതിക വിദ്യകൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. നൂറ് യാത്രക്കാർ എന്നത് നൂറ്റിയൊന്ന് പേരായാൽ പോലും യാത്ര ചെയ്യാൻ കഴിയില്ല.

നൂറ് യാത്രക്കാർക്ക് വേണ്ടി നൂറ്റി ഇരുപത് ലൈഫ് ജാക്കറ്റുകളാണ് വാട്ടർ മെട്രോയുടെ ബോട്ടുകളിലുള്ളത്. കുട്ടികൾക്ക് വേണ്ടി അനുയോജ്യമായ പ്രത്യേകതരം ലൈഫ് ജാക്കറ്റുകളുമുണ്ട്. കേന്ദ്രീകൃത നിയന്ത്രിത സംവിധാനമാണ് ജലമെട്രോയിൽ ഉപയോഗിക്കുന്നത്.

അതിവേഗ റെസ്‌ക്യൂ ബോട്ട് : രക്ഷാപ്രവർത്തനങ്ങൾക്കായി ഗരുഡയെന്ന റെസ്‌ക്യൂ ബോട്ട് അഞ്ച് കോടി രൂപ ചെലവിലാണ് സജ്ജമാക്കിയത്. അതിവേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നതാണ് രക്ഷാബോട്ട്. ഏതെങ്കിലുമൊരു അടിയന്തിര സാഹചര്യമുണ്ടായാൽ ഒരു മിനിറ്റിനകം രക്ഷാബോട്ടിന് എത്തിച്ചേരാൻ കഴിയും. ബോട്ടിലെ ജീവനക്കാർക്ക് സുരക്ഷയുമായി ബന്ധപ്പെട്ട് നല്ല നിലയിൽ പരിശീലനം നൽകിയിട്ടുണ്ട്.

വാട്ടർ മെട്രോയെന്നത് മെട്രോ സംവിധാനത്തിന്‍റെ ഭാഗമായതിനാൽ അതനുസരിച്ചുള്ള സുരക്ഷാസംവിധാനമാണുള്ളത്. യാത്രക്കാർക്ക് യാതൊരു വിധത്തിലുള്ള ആശങ്കയും കൂടാതെ വാട്ടർ മെട്രോയിൽ യാത്ര ചെയ്യാമെന്നും ലോക്‌നാഥ് ബെഹ്‌റ ഉറപ്പ് നൽകി. അതേസമയം സർവീസ് ആരംഭിച്ച് രണ്ടാഴ്‌ചയ്‌ക്കകം വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു.

ജലമെട്രോ ഏറ്റെടുത്ത് കൊച്ചി : പന്ത്രണ്ട് ദിവസങ്ങൾക്കൊണ്ട് 106528 ആളുകളാണ് കൊച്ചി ജലമെട്രോയിൽ യാത്ര ചെയ്‌തത്. നിലവിൽ ഹൈ കോർട്ട് - വൈപ്പിൻ, വൈറ്റില - കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. ജലമെട്രോയുടെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ്. ഹൈക്കോർട്ട്‌ – വൈപ്പിൻ റൂട്ടിൽ 20 രൂപയും വൈറ്റില – കാക്കനാട് റൂട്ടിൽ 30 രൂപയുമാണ്‌ നിരക്ക്‌.

ആഴ്‌ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറുമുള്ള പാസിന്‌ 600 രൂപയും ത്രൈമാസ പാസിന്‌ 1500 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്‌. 10 ദ്വീപുകളെ ബന്ധിപ്പിച്ച് 38 ടെർമിനലുകളിലായി 76 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ കൊച്ചി ജലമെട്രോ യഥാർഥ്യമായിട്ടുള്ളത്. 1136.83 കോടി രൂപ ചെലവിലാണ്‌ പദ്ധതി ഒരുക്കിയിട്ടുള്ളത്.

പരിസ്ഥിതി സൗഹൃദം : പരിസ്ഥിതി സൗഹൃദമാണ്‌ ജലമെട്രോ. ബാറ്ററിയിലും ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടാണിത്. ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല ആരംഭിക്കുന്നത്. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഈ ബോട്ടുകളിൽ ഉപയോഗിക്കുന്നത്.

10-15 മിനിറ്റ് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. എട്ട് നോട്ട് ആണ് ബോട്ടിന്‍റെ വേഗത. ഇതിന് പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. വാട്ടർ മെട്രോയിൽ ഫ്‌ളോട്ടിങ് ജെട്ടികളായതിനാല്‍ ബോട്ടും ജെട്ടിയും എപ്പോഴും ഒരേനിരപ്പിലായിരിക്കും.

അതിനാല്‍ ഏറ്റവും സുരക്ഷിതമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വരെ കയറുകയും ഇറങ്ങുകയും ചെയ്യാം. കായല്‍ പരപ്പിലൂടെ വേഗത്തില്‍ പോകുമ്പോഴും ഓളം ഉണ്ടാക്കുന്നത് പരമാവധി കുറയ്‌ക്കുന്ന രീതിയിലാണ് ബോട്ടിന്‍റെ നിർമാണം. ബോട്ട് ജെട്ടികളിലെ ഓപ്പറേറ്റിങ് കണ്‍ട്രോള്‍ സെന്‍ററില്‍ നിന്ന് ഓട്ടോമാറ്റിക്കായി ബോട്ടിന്‍റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്.

പാസഞ്ചര്‍ കൗണ്ടിങ് സിസ്റ്റം : രാത്രി യാത്രയില്‍ ബോട്ട് ഓപ്പറേറ്റര്‍ക്ക് സഹായമാകുന്നതിന് തെര്‍മല്‍ കാമറയും സജ്ജീകരിച്ചിട്ടുണ്ട്. ബോട്ടിന് ചുറ്റുമുള്ള കാഴ്‌ചകള്‍ ഓപ്പറേറ്റര്‍ക്ക് കാണുവാന്‍ കഴിയും. ബോട്ടുകളില്‍ റഡാര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബാറ്ററി മോഡിൽ എട്ട് നോട്ടും ഹൈബ്രിഡ് മോഡിൽ 10 നോട്ടും ആണ് ബോട്ടിന്‍റെ വേഗത. പാസഞ്ചര്‍ കൗണ്ടിങ് സിസ്റ്റം ഉപയോഗിച്ചാണ്‌ ബോട്ടുകളിൽ പ്രവേശനം.

ഇത്തരത്തിൽ അപകടങ്ങൾ തടയാൻ വിപുലമായ സംവിധാനങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. നിലവിൽ 100 പേർക്ക് യാത്ര ചെയ്യാവുന്ന ഒൻപത് ബോട്ടുകളാണ് കൊച്ചിൻ ഷിപ്പ് യാർഡ് നിർമിച്ച് നൽകിയിരിക്കുന്നത്. 50 പേർക്ക് കയറാവുന്ന ബോട്ടുകളും ഉണ്ടാകും. അമ്മമാർക്കായുള്ള ഫീഡിങ് റൂമുകളുൾപ്പടെയുള്ള സൗകര്യവും ബോട്ടുകളിലുണ്ട്.

ഭിന്നശേഷി സൗഹൃദ ഫ്ലോട്ടിംഗ് ജെട്ടികളായതിനാൽ വേലിയേറ്റവും വേലിയിറക്കവും ബാധിക്കില്ല. മൊത്തത്തിൽ ലോകോത്തര നിലവാരത്തിലാണ് കൊച്ചി വാട്ടർ മെട്രോ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details