എറണാകുളം :കോടതി നിർദേശം ലംഘിച്ച് വനംവകുപ്പ് അധികൃതര്‍ പൊതുകിണർ പൊളിച്ചുനീക്കിയെന്ന് പരാതി. കുടിവെള്ളത്തിനായുണ്ടായിരുന്ന സ്രോതസ്സാണ് നശിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാലിൽ പുഴയുടെ തീരത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് മാസങ്ങൾക്ക് മുമ്പ് പ്രദേശവാസികൾ കിണർ നിർമിച്ചത്.
വേനൽക്കാലത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായാണ് 20ഓളം വീട്ടുകാർ ചേർന്ന് കിണർ നിർമിച്ചത്. കരിങ്കല്ല് കൊണ്ട് ഭിത്തി നിർമിച്ച് റിങ്ങ് ഇറക്കി സുരക്ഷാക്രമീകരണങ്ങളോടെ നിർമിച്ച കിണറാണ് വനപാലകർ തകർത്തത്.
സമീപത്തെ വീട്ടുകാർ മോട്ടോറുകൾ ഉപയോഗിച്ച് കിണറ്റിൽ നിന്ന് വെള്ളം ശേഖരിച്ചുവരികയായിരുന്നു. കിണർ വനഭൂമിയിലാണെന്ന് പറഞ്ഞ് മുമ്പും വനപാലകർ പൊളിച്ചുനീക്കാൻ ശ്രമം നടത്തിയിരുന്നു.