എറണാകുളം:ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളിയിൽ പ്രവർത്തിക്കുന്ന പാറമടക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പണ്ടപ്പിള്ളി ചാന്ത്യം ഭാഗത്ത് പ്രവർത്തിക്കുന്ന പാറമടകളിൽ നിന്ന് എംസാൻഡ് കഴുകിയ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതായാണ് പരാതി. ഇതു സംബന്ധിച്ച് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടുണ്ടെങ്കിലും പരിഹാരം കാണാത്തതിനാലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
മലിനജലം പുറത്തേക്ക് തള്ളുന്നു; പാറമടക്കെതിരെ നാട്ടുകാര്‍ രംഗത്ത് - അരക്കുഴി പഞ്ചായത്തിലെ മാലിന്യ പ്രശ്നം
പാറമടയിലെ ജോലിക്കാർ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും ശുചിമുറി മാലിന്യം ഉൾപ്പടെ ഒഴുക്കിവിടുന്നതായി കണ്ടെത്തി. മാലിന്യപ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രസിഡന്‍റ് സാബു പൊത്തൂർ ജനങ്ങൾക്ക് ഉറപ്പുനൽകി.
മലിനജലം നാട്ടുകാരുടെ കുടിവെള്ള സ്രോതസായ പണ്ടപ്പിള്ളി തോട്ടിലേക്കും അടുത്തുള്ള മേഖലയിലെ നിരവധി വീടുകളിലെ കിണറുകളിലേക്കും ഒലിച്ചിറങ്ങുകയാണ്. സ്ത്രീകളടക്കം നിരവധി ആളുകൾ ഉപയോഗിക്കുന്ന തോട്ടിൽ കുളിക്കുന്നവർക്ക് ത്വക്ക് രോഗവും പിടിപെട്ടിട്ടുണ്ട്.
പ്രതിഷേധം ശക്തമായതോടെ പാറമടയിലേക്ക് എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു. പ്രതിഷേധം അറിഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പാറമടയിൽ എത്തിയിരുന്നു. പാറമടയിലെ ജോലിക്കാർ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും ശുചിമുറി മാലിന്യം ഉൾപ്പെടെ പുറത്തേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി. മാലിന്യപ്രശ്നത്തിന് പരിഹാരം കാണുമെന്ന് പ്രസിഡന്‍റ് സാബു പൊത്തൂർ ജനങ്ങൾക്ക് ഉറപ്പുനൽകി. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്.