കാസര്‍കോട്: മൂന്നാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ണമെന്ന് ജില്ലാ ഭരണകൂടം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാലറ്റ് യൂണിറ്റുകളെല്ലാം കമ്മിഷന്‍ നടത്തി വിതരണത്തിന് സജ്ജമായി കഴിഞ്ഞു. വോട്ടെടുപ്പ് ദിനം ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നെത്തുന്നവര്‍ പരിശോധനകള്‍ക്ക് വിധേയരാകണമെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. 10,48,566 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. നഗരസഭ, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് തലങ്ങളിലായി 2648 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
മൂന്നാം ഘട്ടം; കോസര്‍കോട് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ണം - election arrangements
കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ആറ് ബ്ലോക്കുകളിലായാണ് തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും വോട്ടെണ്ണലും നടക്കുക. പോളിങ്ങിനായി 122 സിംഗിള്‍ പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളും 1,287 മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളുമാണ് ആവശ്യമായിട്ടുള്ളത്. 18 നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടക്കുന്നത്. കൊവിഡ് ബാധിതരും ക്വാറന്‍റൈനില്‍ ഉള്ളവരുമായി 2,578 വോട്ടര്‍മാരുണ്ട്. ഇവരില്‍ 1,077 പേര്‍ക്ക് ഇതിനകം സ്പെഷ്യല്‍ പോസ്റ്റര്‍ ബാലറ്റ് വിതരണം ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ വോട്ടിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ പൊലീസ് മാര്‍ച്ച് നടത്തി. 10 ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പൊലീസ് സേനയെ വിന്യസിക്കുന്നത്.
ജില്ലയില്‍ ആകെ 84 ക്രിറ്റിക്കല്‍ ബൂത്തുകളും, 43 പ്രശ്‌നബാധിത ബൂത്തുകളും എട്ട് മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളുമുണ്ട്. ഇവിടങ്ങളില്‍ വെബ് കാസ്റ്റിങ് സംവിധാനമൊരുക്കുമെന്നും ഭരണകൂടം അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച 99 ബൂത്തുകളിലും സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ട 134 ബൂത്തുകളുമടക്കം 256 ബൂത്തുകളില്‍ വീഡിയോഗ്രാഫി സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.