എറണാകുളം: കൊച്ചി കോർപ്പറേഷൻ 63-ാം ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇടതു വലതു മുന്നണികൾക്ക് നിർണായകം. ഇടതു കൗൺസിലർ കെ.കെ ശിവൻ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഗാന്ധിനഗർ ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ ബിന്ദു ശിവനാണ് ഇടതുമുന്നണി സ്ഥാനാർഥി. കഴിഞ്ഞ തവണ പരാജയപ്പെട്ട കോൺഗ്രസിലെ പി.ഡി മാർട്ടിനാണ് പ്രധാന എതിരാളി. ബിജെപിയുടെ പി.ജി മനോജ് കുമാറും മത്സര രംഗത്തുണ്ട്.
ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത കോർപറേഷൻ യുഡിഎഫ് വിമതരുടെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരിക്കുന്നത്. ഗാന്ധിനഗർ ഡിവിഷനിൽ കഴിഞ്ഞ തവണ 115 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഇടതുമുന്നണി വിജയിച്ചത്. ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയമാവർത്തിച്ചാൽ കോർപ്പറേഷൻ ഭരണത്തെ ബാധിക്കില്ല.
എന്നാൽ യുഡിഎഫിന് അനുകൂലമായാണ് കാറ്റ് വീശുന്നതെങ്കിൽ മുന്നണികൾ തമ്മിലുളള വ്യത്യാസം ഒന്നായി ചുരുങ്ങും. നാല് സ്വതന്ത്രരിൽ മൂന്ന് പേരും നിലവിൽ ഇടതുമുന്നണിക്ക് ഒപ്പമാണ്. ഉപതെരഞ്ഞെടുപ്പ് ഫലം അനുകൂലമായാൽ ഇവരെ കൂടെ നിർത്തി ഭരണം പിടിക്കാനുള ശ്രമം യുഡിഎഫ് നടത്തുമെന്ന കാര്യത്തിൽ സംശയമില്ല.