എറണാകുളം:ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇ ഡി കസ്‌റ്റഡിയിലുള്ള മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ എം ശിവശങ്കറെ ഹാജരാക്കും. ഒമ്പത് ദിവസം കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തുവെങ്കിലും വീണ്ടും ശിവശങ്കറെ ഇഡി കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന്‍റെ പങ്ക് ആഴത്തിലുള്ളതാണെന്നും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നായിരുന്നു ഇ ഡി കഴിഞ്ഞ തവണ കോടതിയിൽ ആവശ്യപ്പെട്ടത്.
ചോദ്യം ചെയ്യലുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നും കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്നും ഇ ഡി കോടതിയെ അറിയിയിക്കും. ആദ്യത്തെ അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിനിടെയായിരുന്നു ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള ചാറ്റ് വിവരങ്ങൾപുറത്ത് വന്നത്. റെഡ് ക്രസന്‍റിനെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലേക്ക് എത്തിക്കാൻ എം ശിവശങ്കർ ഇടപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ചാറ്റുകൾ.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ സംശയത്തിലാക്കുന്ന പരാമർശങ്ങളും വാട്ട്സാപ്പ് ചാറ്റിലുണ്ടായിരുന്നു. ഇത് ഉൾപ്പടെ ലഭ്യമായ വിവരങ്ങളുടെ സംക്ഷിപ്‌ത വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മുദ്രവെച്ച കവറിൽ ഇ ഡി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് ഉൾപ്പടെ ചൂണ്ടിക്കാണിച്ചായിരുന്നു നാല് ദിവസം കൂടി കസ്‌റ്റഡിയിൽ വിട്ടത്. അതേസമയം വീണ്ടും കസ്‌റ്റഡിയിൽ ലഭിക്കാൻ എം ശിവശങ്കറിന്‍റെ കേസിലെ പങ്ക് വ്യക്തമാക്കുന്ന കുടുതൽ കാര്യങ്ങൾ കോടതിയെ അറിയിക്കേണ്ടിവരും.