എറണാകുളം : ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇഡിക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ചൊവ്വാഴ്‌ച രാവിലെ കൊച്ചി ഇ ഡി ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സമൻസ് അയച്ചിരുന്നു. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നുവെങ്കിലും എത്തിയിരുന്നില്ല.
നിയമസഭ നടക്കുന്നതിനാൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്ന് ഇ ഡിയെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് രണ്ടാമതും നോട്ടിസ് നൽകിയത്. കോഴക്കേസിലെ മറ്റ് പ്രതികളായ സ്വപ്‌നയും, സരിത്തും നൽകിയ മൊഴിയുടെയും, ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനിലേക്ക് കൂടി അന്വേഷണമെത്തിയത്.
സി എം രവീന്ദ്രനും സ്വപ്‌ന സുരേഷും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ ഇ ഡി പരിശോധിച്ചിരുന്നു. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ലൈഫ് മിഷൻ കോഴക്കേസിൽ പ്രതിയുമായ എം ശിവശങ്കർ സ്വപ്‌നയുമായി നടത്തിയ വാട്ട്സാപ്പ് ചാറ്റിൽ സി എം രവീന്ദ്രനെ കുറിച്ച് പരാമർശിച്ചിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലേക്ക് റെഡ് ക്രസന്‍റിനെ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ചാറ്റിൽ രവീന്ദ്രനെ വിളിക്കാമെന്ന് ശിവശങ്കർ സ്വപ്‌നയോട് പറയുന്നുണ്ട്.
ഇത്, കാര്യങ്ങളെല്ലാം സി എം രവീന്ദ്രനും അറിയാമെന്ന നിഗമനത്തിൽ ഇ ഡിയെ എത്തിച്ചു. ഇതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു എൻഫോഴ്സ്മെന്‍റ് വിഭാഗം. സ്വപ്‌നയുമായി സംസ്ഥാനത്തിന് പ്രളയ സഹായം ആവശ്യപ്പെട്ടുള്ള ചാറ്റുകളും വ്യക്തിപരമായ ചാറ്റുകളുമാണ് രവീന്ദ്രൻ നടത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് സി എം രവീന്ദ്രനെ വീണ്ടും വിളിച്ചുവരുത്തി വ്യക്തത തേടാൻ ഇ ഡി തീരുമാനിച്ചത്. ലൈഫ് മിഷൻ സി ഇ ഒ യു.വി ജോസിനെയും ഇ ഡി ചോദ്യം ചെയ്‌തിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ഫെബ്രുവരി 14ന് അറസ്റ്റും ചെയ്‌തു.