എറണാകുളം:ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ കേസെടുത്തു. ക്രമക്കേട് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് സി ബി ഐ കോടതിയിൽ സമർപ്പിച്ചു.ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട് പ്രകാരമാണ് ലൈഫ് മിഷൻ ക്രമക്കേടിൽ സി ബി ഐ കേസെടുത്തിട്ടുള്ളത്.യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്കായി വിദേശ കമ്പനിയായ റെഡ് ക്രസൻ്റിൽ നിന്നും പണം സ്വീകരിച്ചത് ഫെറ നിയമത്തിന്‍റെ ലംഘനമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് സി ബി ഐ കേസ് എടുത്തിട്ടുള്ളത്.
ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ കേസെടുത്തു
യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. സി.ബി.ഐ കൊച്ചി യൂണിറ്റ് കേസ് അന്വേഷിക്കും.
സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‍റെ അനുമതി ഇല്ലാതെ വിദേശ പണം സ്വീകരിക്കുന്നത് പ്രോട്ടോകോൾ ലംഘനമാണ്. ലൈഫ് മിഷനിൽ ചട്ടലംഘനം നടന്ന കാര്യം കേന്ദ്ര സർക്കാർ നേരത്തെ തന്നെ ചൂണ്ടി കാട്ടിയിരുന്നു. പദ്ധതി നടത്തിപ്പിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സി ബി ഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷനായിരുന്നു എന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
പദ്ധതി നടത്തിപ്പുകാരായ യുണിടാക്ക് ഉടമകളും പദ്ധതിയുടെ കരാർ ലഭിക്കുന്നതിനായി കമ്മീഷൻ നൽകിയിട്ടുണ്ടെന്ന് എൻഫോഴ്സ്‌മെന്‍റിന് മൊഴി നൽകിയിരുന്നു. ലൈഫ്‌മിഷൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം കഴിഞ്ഞ ദിവസമാണ് സർക്കാർ പ്രഖാപിച്ചത്. തൊട്ടുപിന്നാലെ സി.ബി ഐ അന്വേഷണം ആരംഭിച്ചത് സർക്കാരിന് തിരിച്ചടിയായി. ലൈഫ് മിഷൻ ക്രമക്കേടിൽ പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് അനിൽ അക്കര എം.എൽ.എ ഉൾപ്പടെ ഉള്ളവർ സി.ബി.ഐ.ക്ക് പരാതി നൽകിയിരുന്നു.