കേരളം

kerala

ETV Bharat / state

ലൈഫ് മിഷന്‍ കോഴക്കേസ്: ഇഡി ചോദ്യം ചെയ്യലിന് ശേഷം സി എം രവീന്ദ്രൻ മടങ്ങി - മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി

ഇന്ന് ഒമ്പതര മണിക്കാണ് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസില്‍ സി എം രവീന്ദ്രന്‍ എത്തിയത്

Life mission bribery case  C M Raveendran ED questioning  ലൈഫ് മിഷന്‍ കോഴക്കേസ്  സി എം രവീന്ദ്രന്‍  മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി  സി എം രവീന്ദ്രന്‍ ഇഡി ചോദ്യം ചെയ്യല്‍
സി എം രവീന്ദ്രന്‍

By

Published : Mar 7, 2023, 10:05 PM IST

എറണാകുളം:ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇ.ഡി ചോദ്യം ചെയ്യലിന് ശേഷം തിരികെ മടങ്ങി. രാവിലെ ഒമ്പതരയോടെ കൊച്ചി ഇ ഡി ഓഫിസിൽ എത്തിയ അദ്ദേഹം ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ രാത്രി എട്ട് മണിയോടെയാണ് മടങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാതെ കൈ വീശി കാണിച്ചാണ് സി.എം.രവീന്ദ്രൻ ഇ.ഡി. ഓഫിസിൽ നിന്ന് തിരിച്ചത്.

മൊഴികൾ പരിശോധിച്ച ശേഷം സി.എം. രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. ചൊവ്വാഴ്‌ച രാവിലെ പത്തരമണിക്ക് ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടെതെങ്കിലും ഒരു മണിക്കൂർ നേരത്തെ തന്നെ സി.എം. രവീന്ദ്രൻ ഇ.ഡി. ഓഫിസിലെത്തിയിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ മാധ്യമങ്ങൾക്ക് നേരെ കൈവീശി അഭിവാദ്യം ചെയ്‌തായിരുന്നു സി എം രവീന്ദ്രൻ ഇ.ഡി. ഓഫിസിലെത്തിയത്.

നേരത്തെ കഴിഞ്ഞ മാസം ഇരുപത്തിയേഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നുയെങ്കിലും ഹാജരായിരുന്നില്ല. നിയമസഭ നടക്കുന്നതിനാൽ പങ്കെടുക്കാൻ അസൗകര്യമുണ്ടന്ന് സി.എം. രവീന്ദ്രൻ ഇ.ഡിയെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് രണ്ടാമതും നോട്ടീസ് നൽകിയത്.

സി എം രവീന്ദ്രനെതിരായ തെളിവുകള്‍: കോഴക്കേസിലെ മറ്റു പ്രതികളായ സ്വപ്‌നയും, സരിത്തും നൽകിയ മൊഴിയുടെയും , ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സി.എം. രവീന്ദ്രനിലേക്ക് കൂടി അന്വേഷണമെത്തിയത്. സി.എം. രവീന്ദ്രനും സ്വപ്‌ന സുരേഷും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ ഇ.ഡി പരിശോധിച്ചിരുന്നു. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ലൈഫ് മിഷൻ കോഴക്കേസിൽ പ്രതിയുമായ എം.ശിവശങ്കര്‍ സ്വപ്‌നയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റിൽ സി.എം. രവീന്ദ്രനെ കുറിച്ച് പരാമർശിച്ചിരുന്നു.

ലൈഫ്‌മിഷൻ പദ്ധതിയിലേക്ക് റെഡ് ക്രസന്‍റിനെ പങ്കാളിയാക്കണമെന്ന് ആവശ്യപെട്ട് നടത്തിയ ചാറ്റിൽ രവീന്ദ്രനെ വിളിക്കാമെന്ന് ശിവശങ്കർ സ്വപ്‌നയോട് പറഞ്ഞിരുന്നു. ഈ കാര്യങ്ങളെല്ലാം സി.എം രവീന്ദ്രനും അറിയാമെന്ന നിഗമനത്തിലാണ് ഇ.ഡിയെ എത്തിച്ചത്. ഇതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു എൻഫോഴ്സ്മെന്‍റ്.

സ്വപ്‌നയുമായുള്ള ചാറ്റുകള്‍: സ്വപ്‌നയുമായി വ്യക്തിപരമായ സ്വകാര്യ ചാറ്റുകളും , സംസ്ഥാനത്തിന് പ്രളയ സഹായം ആവശ്യപ്പെട്ടുള്ള ചാറ്റുകളാണ് രവീന്ദ്രൻ നടത്തിയത്. ഈയൊരു സാഹചര്യത്തിലായിരുന്നു സി.എം.രവീന്ദ്രനെ വീണ്ടും വിളിച്ച് വരുത്തി വ്യക്തത തേടാൻ ഇ.ഡി. തീരുമാനിച്ചത്. ലൈഫ് മിഷൻ സി ഇ ഒ യു.വി.ജോസിനെയും ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. മുഖമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെയും സമാന രീതിയിലുള്ള മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ഫെബ്രുവരി 14ന് അറസ്‌റ്റ് ചെയ്‌തിരുന്നു. ലൈഫ് മിഷന്‍ കേസിലെ ആദ്യ അറസ്റ്റും ഇതായിരുന്നു.

ലൈഫ്‌മിഷന്‍ കോഴക്കേസ്:ലൈഫ് മിഷന്‍ കോഴ കേസ് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നാണ് ശിവശങ്കറിന്‍റെ വാദം. യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച പണം ചെലവഴിച്ച് ലൈഫ് മിഷൻ പദ്ധതിയിലൂടെ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാൻ ഉദ്ദേശിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോഴ ഇടപാട് കേസ് രജിസ്റ്റർ ചെയ്‌തത്.

ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപ്പെടെയുള്ള പ്രതികൾക്ക് കൈക്കൂലി നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിരുന്നു. കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റി എന്നും പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയിരുന്നു. ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച ലൈഫ് മിഷൻ കമ്മിഷനായിരുന്നുവെന്നാണ് സ്വപ്‌നയുടെ ആരോപണം. ഈയൊരു സാഹചര്യത്തിലായിരുന്നു ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കറിനെ പ്രതിയാക്കി ഇ.ഡി അറസ്റ്റ് ചെയ്‌തത്.

നേരത്തെ 2020ല്‍ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിന് രവീന്ദ്രന്‍ ഹാജരാക്കിയ സ്വത്തിന്‍റെ കണക്കുകളില്‍ ഇഡി സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ച്ചയായി പതിമൂന്ന് മണിക്കൂറോളമാണ് ഇഡി രവീന്ദ്രനെ അന്ന് ചോദ്യം ചെയ്‌തത്. എന്നാൽ ഇന്ന് ലൈഫ് മിഷൻ കേസിൽ ഏഴ് മണിക്കൂറോളമാണ് ചോദ്യം ചെയ്‌തത്.

ABOUT THE AUTHOR

...view details