എറണാകുളം: ഇന്ത്യൻ നാവികസേനയിൽ വിമാനം പറത്തുവാൻ പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ബീഹാർ സ്വദേശിയായ ശിവാംഗി. ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി സബ് ലഫ്റ്റനൻ്റ് ശിവാംഗി ഇന്ന് സ്ഥാനമേൽക്കുമ്പോൾ ആരംഭിക്കുന്നത് പുതിയ യുഗം കൂടിയാണ് . നാവികസേനാ ദിവസമായ ഡിസംബർ നാലിന് രണ്ട് ദിവസം മുൻപാണ് ഇന്ത്യൻ നാവികസേനയിൽ ഈ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വൈസ് അഡ്മിറൽ എ കെ ചൗള ശിവാംഗിക്ക് ആകാശത്തേക്ക് പറന്നുയരാനുള്ള അനുമതിപത്രം കൈമാറി.
ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ബിഹാർ സ്വദേശി ശിവാംഗി
നാവികസേനാ ദിവസമായ ഡിസംബർ നാലിന് രണ്ട് ദിവസം മുൻപാണ് ഇന്ത്യൻ നാവികസേനയിൽ ഈ പുതിയ ചരിത്രം സൃഷ്ടിച്ച് ബീഹാർ സ്വദേശിനി ശിവാംഗി ഇന്ത്യൻ നാവികസേനയിൽ വിമാനം പറത്താനൊരുങ്ങുന്നത്.
രണ്ടു ഘട്ടങ്ങളിലായി ഒരു വർഷം നീണ്ടുനിന്ന കഠിന പരിശീലനത്തിന് ശേഷമാണ് ശിവാജി ക്ക് ഈ നേട്ടം കൈവരിക്കാനായത്. ഇത്തരത്തിലൊരു നേട്ടം കൈവരിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഈ വലിയ നേട്ടത്തിന് എല്ലാ അംഗങ്ങളുടെയും പിന്തുണ വളരെ വലുതായിരുന്നെന്നും ശിവാംഗി പറഞ്ഞു. ബീഹാറിലെ മുസാഫർപൂർ സ്വദേശിയായ ശിവാംഗി ഇന്ത്യൻ നേവൽ അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കുന്ന ആദ്യ വനിതാ പൈലറ്റാണ്. ഏഴിമലയിലെ നാവിക അക്കാദമിയിലാണ് ശിവാംഗി പരിശീലനം നടത്തിയത്. നാവികസേനയെ സംബന്ധിച്ചിടത്തോളം ഇതൊരു അഭിമാന നിമിഷമാണെന്നും ഈ മേഖലയിലേക്ക് കൂടുതൽ വനിതകൾ കടന്നുവരണമെന്നും വൈസ് അഡ്മിറൽ എ കെ ചൗള പറഞ്ഞു.
മകളുടെ ഈ അഭിമാന നേട്ടത്തിൽ വളരെയധികം അഭിമാനം തോന്നുന്നതായി ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ ശിവാംഗിയുടെ മാതാപിതാക്കൾ പറഞ്ഞു. നാവികസേനയുടെ വിവിധ വിഭാഗങ്ങളിലായി 370 വനിതകളാണ് ഉള്ളത്. ഈ മാസം അവസാനത്തോടെ ഇന്ത്യൻ നാവികസേന പൈലറ്റായി രണ്ട് വനിതകൾ കൂടി പരിശീലനം പൂർത്തിയാക്കും.