എറണാകുളം : ലിവ് ഇൻ റിലേഷനിലെ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഹൈക്കോടതി തീർപ്പാക്കി. മലപ്പുറം കൊണ്ടോട്ടി സ്വദേശി സുമയ്യ ഷെറിനാണ് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചിരുന്നത്. എറണാകുളം കോലഞ്ചേരി സ്വദേശിനിയായ അഫീഫയെ അവരുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് സുമയ്യ ഷെറിൻ ഹർജി നല്‍കിയിരുന്നത്.
അഫീഫയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പങ്കാളിയായ സുമയ്യ ഷെറിൻ ഹര്‍ജി നല്‍കിയത്. എന്നാല്‍ രക്ഷിതാക്കൾക്കൊപ്പം പോകാനാണ് താത്പര്യം എന്ന് അഫീഫ കോടതിയെ അറിയിച്ചു. സുമയ്യയുമായി മുന്‍പ് ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇനി ആ ബന്ധം തുടരാന്‍ താത്പര്യമില്ലെന്നുമായിരുന്നു അഫീഫ കോടതിയെ അറിയിച്ചത്.
എറണാകുളം കോലഞ്ചേരി സ്വദേശിനിയായ അഫീഫയും മലപ്പുറം സ്വദേശിനിയായ സുമയ്യയും സ്‌കൂൾ കാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു. പ്ലസ്‌ടുവിന് പഠിക്കവെ പ്രണയത്തിലായ ഇരുവരും പിന്നീട് ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഇതിനിടയിൽ മെയ് 30 ന് അഫീഫയെ മാതാപിതാക്കളും സഹോദരനും ചേർന്ന് ബലംപ്രയോഗിച്ച് കൊണ്ടു പോയെന്നാരോപിച്ചായിരുന്നു സുമയ്യ കോടതിയെ സമീപിച്ചത്. പോലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹർജിക്കാരി ആക്ഷേപം ഉന്നയിച്ചിരുന്നു.
Also Read :ആദില - നൂറ 'വിവാഹ ഫോട്ടോഷൂട്ട്' വൈറല്‍, ആശംസാപ്രവാഹം ; വിശദീകരിച്ച് പ്രണയികള്‍
കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി പൊലീസിനോട് പെൺകുട്ടിയെ ഇന്ന് ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു. അഫീഫ ഇന്ന് ഹാജരായ വേളയിൽ തടങ്കലിൽ കഴിയുകയാണോയെന്ന് കോടതി ആരാഞ്ഞു. രക്ഷിതാക്കൾക്കൊപ്പമാണെന്നും സുമയ്യയ്‌ക്കൊപ്പം പോകാൻ താത്‌പര്യമില്ലെന്നും അഫീഫ അറിയിച്ചു. അഫീഫയുടെ ആവശ്യപ്രകാരം ആധാർ കാർഡടക്കമുള്ള രേഖകൾ കോടതി മുറിയിൽ വച്ച് സുമയ്യ കൈമാറി. ജസ്റ്റിസുമാരായ പി. ബി സുരേഷ് കുമാർ, ശോഭ അന്നമ്മ ഈപ്പൻ എന്നിവരാണ് വിഷയം പരിഗണിച്ചത്.
Also Read:വിവാഹവാഗ്‌ദാനം നല്‍കി ട്രാന്‍സ്‌ജെന്‍ഡറെ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കി; വിവാഹശേഷം പണവും സ്വര്‍ണവുമായി കടന്ന് യുവാവ്
പ്രണയവും പോരാട്ടവും കൂടെ നിന്ന് കോടതിയും, ആദിലയും നൂറയും : അതേസമയം 2022ല്‍ മറ്റൊരു കേസില്‍ സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ആലുവ സ്വദേശിനി ആദില നസ്‌റിന്‍റെ ഹേബിയസ് കോർപസ് ഹർജിയിലാണ് നടപടി. ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിയായ ഫാത്തിമ നൂറയെ ആദില നസ്‌റിനൊപ്പം പോകാൻ കോടതി അനുവദിക്കുകയായിരുന്നു. സൗദി അറേബ്യയിലെ പഠന കാലത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. പ്രണയം വീട്ടുകാർ അറിഞ്ഞതോടെ എതിർപ്പായി. കേരളത്തില്‍ എത്തി ജോലി കിട്ടിയ ശേഷമാണ് ഇവർ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ഇതിനിടെയാണ് ബന്ധുക്കളെത്തി നൂറയെ പിടിച്ചുകൊണ്ടുപോയത്. ഇതേ തുടർന്നാണ് ആദില കോടതിയുടെ സഹായം തേടിയത്. 2022 മെയ് 31നാണ് ഇരുവർക്കും ഒന്നിച്ച് ജീവിക്കാൻ കോടതി അനുമതി നല്‍കിയത്.
Also Read:സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷക; പത്മലക്ഷ്‌മിക്ക് അഭിനന്ദന പ്രവാഹം