എറണാകുളം:സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി. ആലുവ സ്വദേശിനി ആദില നസ്‌റിന്‍റെ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് കോടതി ഇടപെടൽ. ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ, ആദില നസ്‌റിനൊപ്പം പോകാൻ കോടതി അനുവദിച്ചു.
സൗദി അറേബ്യയിലെ സ്കൂൾ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്റിന്‍ താമരശ്ശേരി ഫാത്തിമ നൂറയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. തുടര്‍ന്ന് കേരളത്തില്‍ എത്തിയതിന് ശേഷവും ഇരുവരും പ്രണയം തുടര്‍ന്നു. എന്നാൽ വീട്ടുകാർ ഇക്കാര്യം തിരിച്ചറിഞ്ഞതോടെ അവർ എതിർത്തു.
തുടർന്ന് ജോലി കിട്ടിയതിന് പിന്നാലെയാണ് ഒന്നിച്ച് ജീവിക്കാൻ ഇവര്‍ തീരുമാനിച്ചത്. ഈ മാസം 19ന് ആദില കോഴിക്കോടെത്തി നൂറയെ കണ്ടുമുട്ടി. ഇരുവരും ആദ്യം കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. അവിടെ ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു.
പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ, മെയ് 23ന് താമരശേരിയില്‍നിന്ന് ബന്ധുക്കളെത്തി നൂറയെ ആദിലയുടെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി. തന്‍റെ മാതാപിതാക്കളും അവര്‍ക്കൊപ്പം നിന്നതായി ആദില ആരോപിക്കുന്നു. കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും ഹാജരാക്കാതിരുന്നതോടെയാണ് ആദില കോടതിയുടെ സഹായം തേടിയത്.