എറണാകുളം :ഓരോ അപ്ഡേറ്റിലും ആരാധകരുടെ പ്രതീക്ഷകൾ വനോളം ഉയര്‍ത്തി ദളപതി വിജയ്‌യുടെ ലിയോ (Vijay Movie Leo). ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തമിഴ് പോസ്റ്റർ പുറത്ത്. 'ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക' എന്ന ടൈറ്റിലിൽ ഇറങ്ങിയ പോസ്റ്ററിൽ വിജയ്‌യുടെ തീപ്പൊരി പാറിക്കുന്ന ലുക്ക് ആരാധകരെ പുളകം കൊള്ളിച്ചു. ചിത്രത്തില്‍ വിജയ് ഗ്യാങ്സ്റ്ററായി വേഷമിടുന്നതാണ് ആരാധകരെ കൂടുതല്‍ ഹരം കൊള്ളിക്കുന്നത് (Leo Tamil Poster Release).
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ഗോകുലം ഗോപാലന്‍റെ ഗോകുലം ഫിലിംസാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ദളപതി വിജയ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്‍റണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ആരാധകരുടെ മനസില്‍ ആവേശ തിരയിളക്കുന്ന ചിത്രം ഒക്‌ടോബര്‍ 19നാണ് (Vijay Movie Leo Release) തിയേറ്ററുകളിലെത്തുക. ആരാധകരിലേക്ക് എത്തുന്നതിനിടെയുള്ള ഒരു മാസം ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികള്‍ പൊടിപൊടിക്കുകയാണ് നിര്‍മാതാക്കള്‍. ചിത്രത്തിലെ ഗാന രംഗങ്ങളും പ്രേക്ഷക മനസില്‍ ഇടം പിടിക്കുമെന്നാണ് വിലയിരുത്തല്‍. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡി.ഒ.പി: മനോജ് പരമഹംസ, ആക്ഷൻ: അൻപറിവ്, എഡിറ്റിങ്: ഫിലോമിൻ രാജ്. പിആർ: പ്രതീഷ് ശേഖർ.