കൊച്ചി:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തില്‍ എൽ.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡിഎ മുന്നണികളുടെ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. സിറ്റി റേഷനിങ് ഓഫീസർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ.വിനോദ് എറണാകുളം ടൗൺ ഹാളിൽ നിന്നും യു.ഡി.ഫ് നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം പ്രകടനമായാണ് പത്രിക സമർപ്പിക്കാനെത്തിയത്.
യു.ഡി.എഫ് സ്ഥാനാർഥിയെന്ന നിലയിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ടി.ജെ.വിനോദ് പറഞ്ഞു. മുൻ എം.എൽ.എ ഹൈബി ഈഡൻ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് വലിയ അംഗീകാരമാണ് മണ്ഡലത്തിലുള്ളതെന്നും ഹൈബി ഈഡനൊപ്പം ചേർന്ന് ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പിനെ നേരിടുമെന്നും മണ്ഡലം കൺവെൻഷനുകളും ബൂത്ത് തല കൺവെൻഷനുകളും പൂർത്തിയായെന്നും ടി.ജെ വിനോദ് പറഞ്ഞു. നാല് സെറ്റ് പത്രികകളാണ് ടി.ജെ വിനോദ് സമർപ്പിച്ചത്.
അതേ സമയം മണ്ഡലത്തിൽ സ്ഥാനാർഥിയാവണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ.വി തോമസ് അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു. എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ്, സമുദായ സമവാക്യങ്ങൾ ടി.ജെ വിനോദിനെ പിന്തുണക്കുകയായിരുന്നു. നിലവിൽ ഡി.സി.സി പ്രസിഡന്‍റും കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുമാണ് ടി.ജെ.വിനോദ്. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശന്‍ എം.എൽ.എ, ഹൈബി ഈഡൻഎം.പി, യു.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവരും പത്രികാസമർപ്പണത്തിനെത്തിയിരുന്നു.
എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി മനു റോയിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രണ്ട് സെറ്റ് പത്രികകളാണ് അദ്ദേഹം സമർപ്പിച്ചത്. ഫുട്ബോൾ, ഒട്ടോറിക്ഷാ, കുടം എന്നീ ചിഹ്നങ്ങൾക്കാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി അപേക്ഷ നൽകിയത്. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് മനു റോയി പറഞ്ഞു. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാൽ പ്രചാരണ രംഗത്ത് ഏറെ മുന്നിലെത്താൻ കഴിഞ്ഞെന്നും ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും മനു റോയി പറഞ്ഞു. ഇന്ന് നടക്കുന്ന തെരെഞ്ഞെടുപ്പ് കൺവെൻഷനോടെ പ്രചാരണം കൂടതൽ ശക്തമാക്കുമെന്നും നാളെ രാവിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുമെന്നും മനു റോയി കൂട്ടിച്ചേർത്തു. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, സി.പിഐ ജില്ലാ സെക്രട്ടറി പി.രാജു, എൽ.ഡി.എഫി.ലെ മറ്റു ഘടകക്ഷി നേതാക്കളും പത്രികാസമർപ്പണത്തിന് സാക്ഷികളാകാനെത്തിയിരുന്നു. എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സി.ജി. രാജഗോപാലും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.