എറണാകുളം: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന്‍റെ സ്ഥാനാർഥി പര്യടനത്തിനിടെ സ്വീകരിക്കാൻ നിരവധി രോഗികളാണ് എത്തുന്നത്. ഇപ്പോൾ ചികിത്സയിലുള്ളവരും നേരത്തെ ചികിത്സ തേടിയവരും ഇതിൽ ഉൾപ്പെടുന്നു. ഇവരോടെല്ലാം ആരോഗ്യ വിശേഷങ്ങൾ തേടുന്നതോടൊപ്പം വോട്ട് തനിക്കെന്ന് ഉറപ്പാക്കിയാണ് ജോ ജോസഫ് ഒരോ സ്ഥലങ്ങളിൽ നിന്നും മടങ്ങുന്നത്.
ഇന്ന് (മെയ് 13) ഇടച്ചിറ ജങ്‌ഷനില്‍ മുദ്രാവാക്യം വിളികളുമായി ഡോക്‌ടറെ കാത്തിരുന്നത് സ്ത്രീകളടക്കമുളള സംഘമാണ്. ഇതിനിടയിലും ഡോക്‌ടറുടെ കണ്ണുകളുടക്കിയത് സമീപത്തെ ചായക്കടയിലാണ്. നേരെ ചെന്ന് ചായയടിക്കുന്നയാളെ പേരെടുത്ത് വിളിച്ച് പരിചയം പുതുക്കുകയായിരുന്നു.
സ്ഥാനാർഥി പര്യടനത്തിനിടെ ഒരു ചായകുടി; പരിചയം പുതുക്കി ജോ ജോസഫ് ചായക്കടക്കാരൻ സിദ്ധീഖിനെ 2012 മുതല്‍ ഡോക്‌ടർക്ക് അറിയമായിരുന്നു. സിദ്ധീഖിന്‍റെ ബൈപാസ് സര്‍ജറി ചെയ്തത് ഡോക്‌ടര്‍ ജോയുടെ നേതൃത്വത്തിലാണ്. ചായ കുടിക്കാന്‍ വരാമെന്ന് ഡോക്‌ടര്‍ നേരത്തെ പറഞ്ഞിരുന്നുവെന്ന് സിദ്ധീഖ് ഓർമിപ്പിച്ചു.
ചൂടോടെ ചായ കുടിക്കാന്‍ പറ്റിയ സമയമാണിതെന്നായിരുന്നു ഡോക്‌ടറുടെ പ്രതികരണം. ആരോഗ്യ കാര്യങ്ങളെ കുറിച്ചന്വേഷിച്ച് മകളോടും വാപ്പയെ ശ്രദ്ധിക്കണമെന്ന് ഉപദേശം നൽകിയാണ് അവിടെ നിന്നും ഡോക്‌ടർ മടങ്ങിയത്. ഇത്തരത്തിലാണ് മണ്ഡലത്തിലെ ഒരോ കേന്ദ്രത്തിലും പ്രിയപ്പെട്ട ഡോക്‌ടറെ കണ്ട് പലരും പിന്തുണ നൽകുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി എറണാകുളം ലിസി ആശുപത്രയിൽ ഹൃദ്രോഗ വിദഗ്‌ധനായി ജോലി ചെയ്യുന്ന ഡോ. ജോ ജോസഫിന് മണ്ഡലത്തിൽ വിപുലമായ ബന്ധങ്ങളാണ് ഉള്ളത്. ഇതെല്ലാം രാഷ്ട്രീയത്തിനതീതമായ വോട്ടായി മാറുമെന്നാണ് സ്ഥാനാർഥി ഇടതുമുന്നണിയും കണക്ക് കൂട്ടുന്നത്.