എറണാകുളം:കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്‍റെ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. ഏഴ് പേര്‍ അപകടത്തില്‍ പെട്ടെന്ന നിഗമനത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ഇയാളെ സുരക്ഷിതനായി കണ്ടെത്തി. ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്ക ഒഴിഞ്ഞ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി.
പതിനെട്ട് അടിയോളം ആഴമുള്ള കുഴിയിൽ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു തൊഴിലാളികൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്.
മരിച്ചവര്‍ ബംഗാള്‍ സ്വദേശികള്‍
രണ്ട് പേരെ ആദ്യ ഘട്ടത്തിൽ തന്നെ പുറത്തെടുത്തതിനാൽ ജീവൻ രക്ഷിക്കാനായി. അതേസമയം മറ്റു നാലുപേരെ മണിക്കൂറുകൾക്ക്‌ശേഷം മാത്രമാണ് ഫയർഫോഴ്‌സ് സംഘത്തിന് പുറത്തെടുക്കാൻ കഴിഞ്ഞത്. ഇവരെയെല്ലാം കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ജീവൻ നഷ്ടമായവരെല്ലാം ബംഗാൾ സ്വദേശികളാണ്. ഫൈജുൽ, കൂടുസ്, നൗജേഷ് അലി, നൂർ അമീൻ എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
മൂഹമ്മദ് നൂറുള്ളക്കായി ഒരു മണിക്കൂര്‍ തെരച്ചില്‍
മണ്ണിനടിയിൽ മുഹമ്മദ് നൂറുള്ളയെന്ന ഒരാൾ കൂടി കുടുങ്ങിക്കിടക്കുന്നുവെന്ന സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനം തുടർന്നുവെങ്കിലും ഇയാളെ പുറത്തു നിന്നും കണ്ടെത്തി. ഇതോടെയാണ് അഞ്ച് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഇതര സംസ്ഥാനക്കാരായ 25 പേരായിരുന്നു അപകടം നടന്ന സ്ഥലത്ത് ജോലിയിൽ ഏർപ്പെട്ടിരുന്നത്.