എറണാകുളം: അഡ്‌മിനിസ്ടേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധങ്ങൾ കടുക്കുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ നിരീക്ഷണം ശക്തമാക്കി ഭരണകൂടം. ഇതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേകം ചുമതലകൾ നൽകി.
ലക്ഷദ്വീപ് പ്രതിഷേധം: യാത്രക്കാരെ നിരീക്ഷിക്കും, മത്സ്യബന്ധന ബോട്ടുകളില്‍ സർക്കാർ ഉദ്യോഗസ്ഥർ
ബേപ്പൂർ, മംഗലാപുരം, കൊച്ചി പോർട്ടുകളിൽ നിന്നെത്തുന്നവരുടെ യാത്രാസാധനങ്ങളടക്കം പരിശോധിക്കാൻ നിർദേശം.
അഡ്‌മിനിസ്ടേറ്ററുടെ ഉപദേഷ്‌ടാവിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ലക്ഷദ്വീപിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ തീരുമാനമായി. ദ്വീപ് നിവാസികളിലേറെ പേരും മത്സ്യബന്ധന തൊഴിലാളികളായിരിക്കെ ഇവരെയും നിരീക്ഷിക്കാൻ പ്രത്യേക നിർദേശമുണ്ട്. മത്സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനാണ് ഉത്തരവ്. കപ്പലുകൾ നങ്കൂരമിടുന്നിടത്തും, ഹെലിപാഡുകളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഷിപ്പ് യാഡുകളിൽ സിസിടിവി സ്ഥാപിക്കാനും തീരുമാനമുണ്ട്.
Also Read: ട്വിറ്റർ വീണ്ടും... മോഹൻ ഭഗവതിന്‍റെ അക്കൗണ്ടിൽ നിന്നും ബ്ലൂടിക്ക് നീക്കം ചെയ്‌തു
ബേപ്പൂർ, മംഗലാപുരം, കൊച്ചി പോർട്ടുകളിൽ നിന്നെത്തുന്നവരുടെ യാത്രാസാധനങ്ങളടക്കം പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംശയാസ്‌പദമായ നീക്കങ്ങൾ കണ്ടാലുടൻ മേലുദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥർക്ക് നൽകിയ ഉത്തരവിൽ പറയുന്നു. കൊച്ചിയിലെ ലക്ഷദ്വീപ് ഓഫിസിനു മുന്നിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ദ്വീപിൽ പഞ്ചായത്തുകൾ തോറും സമിതികൾ രൂപീകരിച്ച് വരും ദിവസങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാക്കാനും ഉദ്യോഗസ്ഥരെ ബഹിഷ്‌കരിക്കാനും തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്‍റെ പുതിയ നിർദേശങ്ങൾ.