കവരത്തി: ലക്ഷദ്വീപിൽ ആറ് ദ്വീപുകളിൽ കൂടി സമ്പൂർണ അടച്ചിടൽ. കവരത്തി, അമിനി, ആന്ത്രോത്ത്, മിനിക്കോയ്, കൽപേനി, ബിന്ദ്ര എന്നീ ദ്വീപുകളിലാണ് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. ഏറ്റവും ചെറിയ, ബിന്ദ്രയാണ് പുതുതായി കൂട്ടി ചേർത്തത്. കവരത്തിയിൽ കടകൾക്ക് ജില്ല കലക്‌ടറുടെ അനുമതിയോടെ ഉച്ചയ്ക്ക് ഒന്ന് മുതൽ 4 വരെ പ്രവർത്തിക്കാം.
മറ്റ് ദ്വീപുകളിൽ കടകൾക്ക് ജില്ല കലക്ടറുടെ അനുമതിയോടെയും ബിഡിഒമാരുടെ അനുമതിയോടെയും പ്രവർത്തിക്കാം. ഹോട്ടലുകൾ രാവിലെ 7.30 മുതൽ 9.30 വരെയും ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെയും വൈകീട്ട് ആറ് മുതൽ ഒമ്പത് വരെയും തുറക്കാം. പാഴ്‌സല്‍ സർവീസ് മാത്രമേ അനുവദിക്കുകയുള്ളൂ. ഹോസ്റ്റൽ സ്റ്റാഫ് കൊവിഡ് പരിശോധന നടത്തുകയും പ്രത്യേക പാസ് വാങ്ങുകയും വേണം.