എറണാകുളം:ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി അവർ കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരായി. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിലാണ് രണ്ടാമതും ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നത്.
ലക്ഷദ്വീപിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ തുടരുന്നത്. ഞായറാഴ്ച ചോദ്യം ചെയ്‌ത് വിട്ടയച്ചപ്പോൾ ദ്വീപ് വിട്ടുപോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
read more:ചോദ്യം ചെയ്യലിന് കവരത്തി പൊലീസിന് മുമ്പാകെ ഹാജരായി ഐഷ സുൽത്താന
അറസ്റ്റ് ചെയ്താൽ ഒരാഴ്ചയ്ത്തേക്ക് ജാമ്യം അനുവദിക്കണമെന്ന് മുൻകൂർ ജാമ്യാപേക്ഷയിലെ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. അതേസമയം ഐഷ സുൽത്താനയ്‌ക്കെതിരെ ക്വാറന്‍റൈൻ നിയമങ്ങൾ ലംഘിച്ചുവെന്ന പുതിയ ആരോപണവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തി.
ഞായറാഴ്ച പൊലീസ് ചോദ്യം ചെയ്യലിനുശേഷം പൊതുപരിപാടികളിൽ പങ്കെടുത്തുവെന്നാണ് ആരോപണം. തിങ്കളാഴ്ച ദ്വീപിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് കേന്ദ്രം സന്ദർശിച്ചതും കൊവിഡ് പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് ദ്വീപ് ഭരണകൂടം ചൂണ്ടികാണിക്കുന്നത്. ക്വാറന്‍റൈൻ ലംഘിക്കുന്നത് ആവർത്തിച്ചാൽ കർശനനടപടിയുണ്ടാകുമെന്നും ലക്ഷദ്വീപ് കലക്ടർ അസ്ക്കർ അലി ഐഷ സുൽത്താനയെ അറിയിച്ചിട്ടുണ്ട്.