എറണാകുളം: ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ചോദ്യം ചെയ്യലിന് കവരത്തി പൊലീസിന് മുമ്പാകെ ഹാജരായി. കവരത്തി പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ അഭിഭാഷകനൊപ്പമാണ് ഐഷ സുൽത്താന എത്തിയത്. രാജ്യദ്രോഹ കേസിൽ ക്രിമിനൽ നടപടി ചട്ടം 41 എ പ്രകാരം കവരത്തി പൊലീസ് നോട്ടീസ് നൽകിയിരുന്നു. പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ച ശേഷമായിരുന്നു ഐഷ സുൽത്താനയ്‌ക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്.
ചോദ്യം ചെയ്യലിന് കവരത്തി പൊലീസിന് മുമ്പാകെ ഹാജരായി ഐഷ സുൽത്താന - Aisha Sultana questioning
കവരത്തി പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ അഭിഭാഷകനൊപ്പമാണ് ഐഷ സുൽത്താന എത്തിയത്.
ആവശ്യമെങ്കിൽ അറസ്റ്റു ചെയ്യുമെന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അറസ്റ്റ് ചെയ്താൽ ഐഷയ്ക്ക് ഇടക്കാല ജാമ്യം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചുവെന്ന ചാനൽ ചർച്ചയിലെ പരാമർശങ്ങളുടെ പേരിൽ ബിജെപി ലക്ഷദ്വീപ് പ്രസിഡന്‍റ് അബ്‌ദുൽ ഖാദർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐഷ സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കേസ് എടുത്തത്. അതേസമയം ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.