എറണാകുളം:കുട്ടമ്പുഴ പഞ്ചായത്തിലെ പ്രകൃതിയുടെ കരവിരുതുകളും വന്യ മൃഗങ്ങളുടെ സഞ്ചാര പഥങ്ങളും നിത്യഹരിത വനവും വെള്ളച്ചാട്ടങ്ങളും തുരുത്തുകളുമൊക്കെ വിദേശീയരായ സഞ്ചാരികളെ ആകർഷിക്കാറുണ്ട്. കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങിയതിനെ തുടർന്ന് കുട്ടമ്പുഴയിലെ ആനക്കയത്ത് പഞ്ചായത്ത് ഇടപെട്ട് മിനി പാർക്കിന് രൂപം നൽകാന്‍ ഒരുങ്ങുകയാണ്. വിനോദ സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. ബോട്ടിങ്, വളളം, മീൻപിടിത്തം, ഏറുമാടം, പെഡൽ ബോട്ടിങ് തുടങ്ങിയവയെല്ലാം ആനക്കയം പാർക്കിൽ ഒരുക്കും.
ആനക്കയം ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങി കുട്ടമ്പുഴ പഞ്ചായത്ത് - Kuttampuzha panchayat news
കുട്ടമ്പുഴയിലെത്തുന്ന സഞ്ചാരികൾക്ക് കൺ നിറയെ മനസുനിറയെ കാഴ്ചകൾ കണ്ട് മടങ്ങാനുള്ള അവസരമാണ് ആനക്കയം ടൂറിസം നടപ്പാകുന്നതോടെ സാധ്യമാവുക

ഭൂതത്താൻകെട്ടിൽ നിന്നും തട്ടേക്കാട് സലീം അലി പക്ഷി സങ്കേതം വഴി കുട്ടമ്പുഴ ആനക്കയത്ത് ബോട്ടിലൂടെ എത്താനുള്ള സൗകര്യവുമുണ്ടാകും. അപൂർവ്വ കാഴ്ചകളാകും സഞ്ചാരികളെ ഈ വഴികളില്‍ കാത്തിരിക്കുക. ആനകളുടെ നീരാട്ടും കാട്ടുപട്ടികളുടെ നായാട്ടും ഉടുമ്പിന്‍റെ കുളിയും എല്ലാം ഇതില്‍ ഉള്‍പ്പെടും. പ്രകൃതി ഒരുക്കിയ ഹരിത കൂടാരത്തിനുളളിൽ കാഴ്ചകൾ വേറെയുമുണ്ട്. പീണ്ടിമേട്-പ്രാകുത്ത് വെള്ളച്ചാട്ടങ്ങളും റോക്ക് പാലസ്, കുതിര കുത്തി എന്നിവ ചരിത്രങ്ങളുടെ ശേഷിപ്പുകൾ കൂടിയാണ്.
പഴയ പ്രതാപത്തിന്‍റെ ക്ലാവുകയറിയ മുനിയറകളും, റോഡുകൾ, പാലങ്ങൾ, സത്രങ്ങൾ എന്നിവയും കാഴ്ചക്കാർക്ക് വേറിട്ട അനുഭവം സമ്മാനിക്കും. 95 ശതമാനം പുഴയും വനവുമായി കിടക്കുന്ന കുട്ടമ്പുഴ പഞ്ചായത്താണ് എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്നയിടം. ആദിവാസികളുടെ തനത് കലാ രൂപവും സംസ്‌കാരവും ജീവിതവുമൊക്കെ നേരിൽ കാണാനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. കുട്ടമ്പുഴയിലെത്തുന്ന സഞ്ചാരികൾക്ക് കൺ നിറയെ മനസുനിറയെ കാഴ്ചകൾ കണ്ട് മടങ്ങാനുള്ള അവസരമാണ് ആനക്കയം ടൂറിസം നടപ്പാകുന്നതോടെ സാധ്യമാവുക.