കൊച്ചി:കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ (CUSAT TECH FEST)തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികൾ മരിക്കാനിടയായത് സംഘാടകരുടെ വീഴ്ചകൊണ്ടെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട വിദ്യാർത്ഥികൾ. ക്യാമറയ്ക്ക് മുന്നിൽ സത്യസന്ധമായി കാര്യങ്ങൾ പറഞാൽ തുടർന്ന് ഇവിടെ പഠിക്കാൻ കഴിയില്ല. തങ്ങളുടെ ശബ്ദം പോലും കേൾപ്പിക്കരുതെന്നും വിദ്യാർത്ഥികളിൽ ചിലർ ഇ.ടി. വി ഭാരതി നോട് പറഞ്ഞു.
കുസാറ്റിലെ ഓഡിറ്റോറിയത്തിൽ സമാനമായ പരിപാടികൾ മുമ്പും നല്ല രീതിയിൽ സംഘടിപ്പിച്ചിരുന്നു. ഇന്നലെ സംഘാടകർ ഗേറ്റ് അടച്ചിടുകയും (GATE CLOSED) അവസാനനിമിഷം വിദ്യാർത്ഥികളെ കൂട്ടത്തോടെ പ്രവേശിപ്പിച്ചതുമാണ് അപകടത്തിലേക്ക് നയിച്ചത്. ആദ്യമായാണ് ഇത്തരത്തിൽ ഗേറ്റ് അടച്ചിട്ട് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത്. അപകടം നടക്കുമ്പോൾ സംഘാടകരും തെരെഞ്ഞെടുക്കപ്പെട്ട കുറച്ച് വിദ്യാർത്ഥികളും മാത്രമാണ് ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നത്. മറ്റു വിദ്യാർത്ഥികൾ കൂട്ടത്തോടെ പ്രവേശിച്ചതോടെ പടിക്കെട്ടിൽ നിന്നും വിദ്യാർത്ഥികൾ വീഴുകയായിരുന്നു. ഇവർക്ക് മുകളിലേക്ക് കൂടുതൽ പേർ വീണതോടെയാണ് അത്യാഹിതം സംഭവിച്ചത്.