കുഞ്ചാക്കോ ബോബന്‍റെ പ്രതികരണം എറണാകുളം : 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചതിൽ ഒരുപാട് സന്തോഷമെന്ന് നടൻ കുഞ്ചാക്കോ ബോബൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരുപാട് നല്ല സിനികൾക്കിടെയിൽ തന്‍റെ സിനിമയും കഥാപാത്രവും അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോട് പറഞ്ഞു.
സിനിമയെന്നത് ആഗ്രഹമേയല്ലാതിരുന്ന ഒരാളായിരുന്നു താൻ. സിനിമയിലേക്ക് വരികയും പിന്നീട് ഇടവേള എടുക്കുകയും, അതിന് ശേഷം ആഗ്രഹിച്ച് സിനിമയിലേക്ക് വരികയും ചെയ്‌തയളാണ് താൻ. അവാർഡുകളും സിനിമയും സ്വപ്‌നത്തിലില്ലാതിരുന്ന വ്യക്തി പിന്നീട് സിനിമകൾ മാത്രം സ്വപ്‌നങ്ങളിലുള്ള ഒരാളായി മാറുകയായിരുന്നു.
ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിലെ സന്തോഷം അവാർഡ് ജേതാക്കളെല്ലാം വ്യക്തിപരമായും ജോലി സംബന്ധമായും അറിയാവുന്നവരും സുഹൃത്തുക്കളുമാണ് എന്നതാണ്. ഈ അംഗീകാരങ്ങൾ തനിക്ക് കൂടിയുള്ള അംഗീകാരമായാണ് കാണുന്നത്. ഈ കാര്യത്തിൽ ഒരുപാട് സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കഴിഞ്ഞ വർഷം മലയാളത്തിൽ കലാമൂല്യമുള്ള ഒരുപാട് ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ അഭിമാനിക്കുന്നവരാണ് നമ്മൾ. മലയാള സിനിമയുടെ വളർച്ച എത്രത്തോളം ഉയർന്നിട്ടുണ്ട് എന്നത് നമ്മൾ അന്യ ഭാഷകകളിൽ പോയി അഭിനയിക്കുമ്പോൾ അവിടെയുള്ളവരിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞിരുന്നു.
കഴിഞ്ഞ വർഷമിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു ന്നാ താൻ കേസ് കൊട്. ചില വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്‍റെ യാഥാർഥ്യം മനസിലാക്കി സിനിമയെ കണ്ട പ്രേക്ഷക സമൂഹവും, രാഷ്ട്രീയ പ്രബുദ്ധതയുള്ളവരുമാണ് നമ്മുടെ നാട്ടിലുള്ളത്.
'മമ്മൂട്ടിയോടൊപ്പം പേര് വന്നത് അവാർഡിന് തുല്യം': ഒട്ടനവധി അവാർഡുകൾ ഈ സിനിമയ്ക്ക് ലഭിക്കുന്നത് ചിത്രത്തിന്‍റെ സഹ നിർമ്മാതാവ് കൂടിയായ തനിക്ക് സന്തോഷം നൽകുന്നതാണ്. മമ്മുക്കയുടെ പേരിനൊപ്പം എന്ന് താൻ ഒരിക്കലും പറയില്ല. മമ്മുക്കയുടെ പേരിനോട് ചേർന്ന് തന്‍റെ പേര് വന്നത് തന്നെ അവാർഡ് കിട്ടിയതിന് തുല്യമാണ്.
അതേസമയം വിവാദങ്ങൾ സിനിമയെ ബാധിക്കില്ലെന്ന് മനസിലായാതായും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ചിലപ്പോൾ മാർക്കറ്റിങിന്‍റെ ഭാഗമായി ഇത്തരം വിവാദങ്ങൾ ഉണ്ടാകാം. ചിലപ്പോൾ മനപൂർവം ചെയ്യുന്നതായിരിക്കാം, അല്ലാതെയുമാകാം. എന്നാൽ എല്ലാം നല്ലതിന് എന്ന് ചിന്തിക്കുന്ന ആളാണ് താൻ.
ഒരിക്കലും അവാർഡ് കിട്ടണം എന്ന് ആഗ്രഹിച്ചല്ല സിനിമകൾ ചെയ്യുന്നത്. കഥാപാത്രത്തെ ഇഷ്‌ടപ്പെട്ടാൽ അതിന് നൂറ് ശതമാനമോ അതിൽ കൂടുതലോ നൽകാനാണ് ശ്രമിക്കുന്നത്. തന്‍റെ ഒരുപാട് സുഹൃത്തുക്കൾക്ക് അവാർഡ് കിട്ടയതിലും സന്തോഷമുണ്ട്. സുഹൃത്തുക്കളുടെ കൂട്ടായ്‌മയെന്ന നിലയിലാണ് അവാർഡ് പുരസ്ക്കാര ചടങ്ങിന് വേണ്ടി കാത്തിരിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.
അതേസമയം ഇത്തവണത്തെ ആകെ 7 പുരസ്‌കാരങ്ങൾ ആണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനു മാത്രം ലഭിച്ചത്. മികച്ച തിരക്കഥ, മികച്ച സ്വഭാവ നടൻ, മികച്ച സംഗീത സംവിധായകൻ, പശ്ചാത്തല സംഗീതം, കലാസംവിധാനം, ശബ്‌ദ മിശ്രണം എന്നീ മേഖലകളിലും ചിത്രത്തിന് പുരസ്‌കാരങ്ങൾ ലഭിച്ചു.