എറണാകുളം:സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കെടിയു പ്രോ വിസിയുടെ നിയമന സാധുത തെളിയിക്കണമെന്ന് ഹൈക്കോടതി. മറുപടി നൽകാൻ സർക്കാർ സാവകാശം തേടി. കെടിയു താത്‌കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്‌തുള്ള സർക്കാരിന്‍റെ ഹർജിയിൽ വാദം നടക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
കെടിയു പ്രോ വിസിയുടെ നിയമന സാധുത തെളിയിക്കണമെന്ന് ഹൈക്കോടതി; മറുപടി നൽകാൻ സാവകാശം തേടി സർക്കാർ - കെടിയു വിസി നിയമനം തെളിയിക്കണമെന്ന് ഹൈക്കോടതി
കെടിയു താത്‌കാലിക വിസിയായി ഡോ. സിസ തോമസിനെ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്‌തുള്ള സർക്കാരിന്‍റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്
സാങ്കേതിക സർവകലാശാല വിസിയെ സുപ്രീം കോടതി പുറത്താക്കിയത് നിയമനം തുടക്കം മുതൽ തെറ്റാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്. ഈ സാഹചര്യത്തിൽ പ്രോ വിസി പദവി നിലനിൽക്കുമോയെന്ന് കോടതി ചോദിച്ചു. പ്രോ വിസി ഉണ്ടെങ്കിൽ വിസിയുടെ ചുമതല നൽകുന്നതിൽ എതിരല്ലെന്നും കോടതി പറഞ്ഞു. ഹർജി ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കാനായി മാറ്റി.
താത്‌കാലിക വിസിയുടെ ചുമതല, സ്ഥിര വിസിയിൽ നിന്നും വ്യത്യസ്‌തമാണോയെന്ന് കോടതി ആരാഞ്ഞിരുന്നു. സർവകലാശാല നടപടികൾ സ്‌തംഭിക്കാതിരിക്കാനാണ് താത്‌കാലിക വിസിയെ നിയമിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. സർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ തള്ളിക്കൊണ്ടാണ് സിസ തോമസിനെ ഗവർണർ നിയമിച്ചത്. ശുപാർശ ചെയ്യാനുള്ള സർക്കാരിന്‍റെ അധികാരവും മറികടന്നു. മാത്രവുമല്ല സിസ തോമസിന് മതിയായ യോഗ്യതയില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.