എറണാകുളം :വ്യാജ രേഖ ചമയ്ക്കൽ കേസിൽ കെഎസ്‌യു നേതാവ് അൻസിൽ ജലീലിന് ഇടക്കാല മുൻകൂർ ജാമ്യം. രണ്ടാഴ്‌ചത്തേക്കാണ് ഇടക്കാല മുൻകൂർ ജാമ്യം സിംഗിൾ ബഞ്ച് അനുവദിച്ചത്. ഒരാഴ്‌ചക്കുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനും ഹൈക്കോടതി നിർദേശിച്ചു. അറസ്റ്റ് ചെയ്യുന്ന പക്ഷം 50,000 രൂപ ബോണ്ടുൾപ്പെടെ വ്യവസ്ഥകളിന്മേൽ ജാമ്യത്തിൽ വിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
അൻസിലിന്‍റെ അറസ്റ്റ് നേരത്തെ ഹൈക്കോടതി ഇന്ന് (23-6-2023) വരെ തടഞ്ഞിരുന്നു. വ്യാജ ബി.കോം ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചുവെന്ന കേരള സർവകലാശാല രജിസ്ട്രാറുടെ പരാതിയിൽ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് അൻസിലിനെതിരെ കേസെടുത്തത്.
വ്യാജ രേഖ ചമയ്ക്കൽ അടക്കം 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് എഫ്ഐആറിൽ പൊലീസ് അൻസിലിനെതിരെ ചുമത്തിയിട്ടുള്ളത്. സർവകലാശാലയെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ജൂൺ 14-ന് മുമ്പുള്ള ദിവസം വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുവെന്നും എഫ്ഐആറിലുണ്ട്.
വ്യാജമായി നിർമിച്ച സർട്ടിഫിക്കറ്റ് അസലാണെന്ന വ്യാജേന ഉപയോഗിക്കണമെന്ന് ഉദ്ദേശിച്ചു, വൈസ് ചാൻസലറുടെ വ്യാജ ഒപ്പിട്ടു എന്നിവയും എഫ്‌ഐആറിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 465, 466, 468, 471, 420 വകുപ്പുകളാണ് അൻസിലിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ താൻ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചിട്ടില്ലെന്നായിരുന്നു മുൻകൂർ ജാമ്യ ഹർജിയിൽ അൻസിലിന്‍റെ വാദം.
വ്യാജ സർട്ടിഫിക്കറ്റിൽ വീണ് കെഎസ്‌യുവും : കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനിടെയാണ് കെഎസ്‍യു നേതാവിന്‍റെ വ്യാജ സർട്ടിഫിക്കറ്റിലും കേരള സർവകലാശാല പൊലീസിനെ സമീപിച്ചത്. 2016 ൽ കേരള സർവകലാശാലയിൽ നിന്ന് അൻസിൽ ജലീൽ ബികോം ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റാണ് പരാതിക്കൊപ്പം ഉണ്ടായിരുന്നത്.
തുടർന്ന് സർവകലാശാല രജിസ്ട്രാറുടെ നിർദേശ പ്രകാരം പരീക്ഷ കൺട്രോളർ അന്വേഷണം നടത്തുകയും പ്രചരിച്ച സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തുകയുമായിരുന്നു. പിന്നാലെ സർവകലാശാല പൊലീസിൽ പരാതി നൽകി. സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാൻസലറുടെ ഒപ്പും സർട്ടിഫിക്കറ്റിലുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റിലുള്ള വൈസ് ചാന്‍സലറുടെ ഒപ്പ് ഡോ. എം കെ രാമചന്ദ്രന്‍ നായരുടേതാണ്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന തീയതി പ്രകാരം 2016ല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നത് പി കെ രാധാകൃഷ്‌ണനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു സർവകലാശാല അൻസിലിനെതിരെ പരാതി നൽകിയത്.
ദേശാഭിമാനിക്കെതിരെ കെഎസ്‌യു : അതേസമയം അൻസിൽ ജലീൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു എന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്‌ത ദേശാഭിമാനിക്കെതിരെ കെഎസ്‌യു രംഗത്തെത്തി. അന്‍സിലിന്‍റേതായി പ്രചരിക്കുന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്നും അത് എവിടെ നിന്ന് ലഭിച്ചുവെന്ന് ദേശാഭിമാനി വ്യക്തമാക്കണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
അൻസിൽ ജലീൽ ബിഎ ഹിന്ദിയിലാണ് ബിരുദം നേടിയതെന്നും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ബി കോം ബിരുദത്തിന്‍റെ കാര്യമാണ് പറയുന്നതെന്നും അലോഷ്യസ് ആരോപിച്ചു. ദേശാഭിമാനിയിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റ് വാർത്ത പുറത്ത് വന്നതെന്നും അതിനാൽ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ദേശാഭിമാനിക്ക് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ടെന്നും അലോഷ്യസ് പറഞ്ഞിരുന്നു.