എറണാകുളം : പെരുമ്പാവൂരിൽ നവകേരള യാത്രയ്ക്കുനേരെ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധവും ഷൂ ഏറും (KSU activists protest against Nava kerala Yatra). കെഎസ്‌യു പ്രവർത്തകർ ഷൂ എറിഞ്ഞതിനെതിരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഏറിയാനൊക്കെ പോയാൽ അതിന്‍റേതായ നടപടി തുടരും അന്നേരം വിലപിച്ചിട്ട് കാര്യമില്ല. ഇത്തരം പ്രവർത്തനങ്ങൾ നാടിനോടുള്ള വെല്ലുവിളിയായി കാണണം.
നാട്ടുകാർ സംയമനം പാലിക്കുന്നു. അത് അങ്ങിനെത്തന്നെയാണ് വേണ്ടത്. എന്നാൽ നിയമപരമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോതമംഗലത്തെ നവകേരള സദസിലായിരുന്നു (Nava Kerala Sadas) മുഖ്യമന്ത്രിയുടെ പ്രതികരണം. കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടർന്ന് നിർത്തിവച്ച നവകേരള യാത്ര എറണാകുളം ജില്ലയിൽ പുനരാരംഭിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധം. പെരുമ്പാവൂരിൽ നവകേരള യാത്രയുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി.
സുരക്ഷ ചുമതലയുള്ള പൊലീസുകാരും പ്രതിഷേധിച്ച പ്രവർത്തകരെ കായികമായി നേരിടുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. ഇതിനു പിന്നാലെ ഓടക്കാലിയിൽ കെഎസ്‌യു പ്രവർത്തകർ മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെയും, വാഹന വ്യൂഹത്തിന് നേരെയും ഷൂ എറിയുകയായിരുന്നു. ഇവരെ പൊലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. അതേസമയം പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് മർദനമേറ്റതായി പരാതി.
മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദർശിക്കാനെത്തിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചെന്നാണ് പരാതി. പെരുമ്പാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് നോയൽ ജോസിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു എംഎൽഎ. ബൈക്കുകളിലെത്തിയ പ്രവർത്തകർ മർദിച്ചെന്നാണ് ആരോപണം.