എറണാകുളം: ബാങ്ക് കൺസോർഷ്യം ഇനത്തിൽ നിലവിൽ 2925.7 കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. നിലവിലെ ആസ്‌തി മൂല്യനിർണയത്തിനായി സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതായും കെഎസ്ആർടിസി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജീവനക്കാരുടെ വായ്‌പ തിരിച്ചടവ് മുടങ്ങിയതിനെതിരെ ചാലക്കുടി കെഎസ്‌ആർടിസി എംപ്ലോയീസ് സൊസൈറ്റി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് (KSRTC's Contempt Of Court Case )ആസ്‌തി ബാധ്യതകൾ സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചത്. 417.2 ഏക്കർ ഭൂമിയാണ് കെഎസ്‌ആർടിസിയുടെ കൈവശമുള്ളത്.
ഇതിൽ 340.57 ഏക്കർ സ്വന്തം ഭൂമിയും, 17.33 ഏക്കർ വാടക ഭൂമിയുമാണ്. 58.51 ഏക്കർ ഭൂമിയുടെ പട്ടയത്തിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും കെഎസ്ആർടിസി വ്യക്തമാക്കി. 2020-21 സാമ്പത്തിക വർഷം വരെയുള്ള ഓഡിറ്റ് മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ.
അതിനാൽ ആസ്‌തി ബാധ്യതകൾ സംബന്ധിച്ച ഏറ്റവും പുതിയ ബാലൻസ് ഷീറ്റ് സമർപ്പിക്കാൻ സാവകാശം വേണമെന്നും കെഎസ്ആർടിസി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
ഒരു ലക്ഷത്തി ഇരുപത്തിയൊമ്പതിനായിരത്തി എഴുന്നൂറ്റി രണ്ട് ചതുരശ്രയടി വിസ്‌തീർണം വരുന്ന എട്ട് വാണിജ്യ സമുച്ചയങ്ങളുടെ നിർമാണം പൂർത്തിയായി. 6 എണ്ണത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു. മൊത്തം 26 ലക്ഷം സ്ക്വയർ ഫീറ്റ് കെട്ടിടങ്ങൾ ഉണ്ടെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് കോ- ഓപ്പറേറ്റീവ് സൊസൈറ്റി വഴി വായ്‌പ നൽകുകയും ശമ്പളത്തിൽ നിന്നും തിരിച്ചടവ് തുക പിടിക്കുകയുമായിരുന്നു.