കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്‌ടര്‍ പിടിയില്‍ - കെഎസ്ആർടിസി

നെയ്യാറ്റിൻകര സ്വദേശി ജസ്‌റ്റിനെയാണ്( 42) ആലുവയിൽ വച്ച് പൊലീസ് കസ്‌റ്റഡിയിലെടുത്തത്

ksrtc swift bus  swift bus conductor arrested  sexual abuse  women passenger  conductor justin  കെഎസ്ആർടിസി സ്വിഫ്റ്റ്  യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം  സ്വിഫ്റ്റ് ബസിൽ  കണ്ടക്‌ടര്‍ പിടിയില്‍  ആലുവ  ജസ്‌റ്റിന്‍  കെഎസ്ആർടിസി
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്‌ടര്‍ പിടിയില്‍

By

Published : Jul 8, 2023, 6:44 PM IST

Updated : Jul 8, 2023, 7:30 PM IST

എറണാകുളം:കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്‌ടര്‍ കസ്‌റ്റഡിയിൽ. നെയ്യാറ്റിൻകര സ്വദേശി ജസ്‌റ്റിനെ(42) ആലുവയിൽ വച്ച് പൊലീസ് കസ്‌റ്റഡിയിലെടുത്തു. തിരുവനന്തപുരം മലപ്പുറം സ്വിഫ്റ്റ് ബസിലെ കണ്ടക്‌ടറായ ജസ്‌റ്റിൻ കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ കണ്ടക്‌ടറുടെ സീറ്റിൽ വിളിച്ചിരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

യുവതി ഇരുന്ന സീറ്റ് റിസർവേഷനാണെന്നും അവിടെ ഇരിക്കാൻ പാടില്ലെന്നും പറഞ്ഞായിരുന്നു കണ്ടക്‌ടർ യാത്രക്കാരിയെ തന്‍റെ സമീപം ഇരുത്തിയത്. തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30ന് തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് സംഭവം നടന്നത്.

പറവൂരിൽ തന്‍റെ മകളുടെ അടുത്ത് പോകുകയായിരുന്നു യുവതി. കഴക്കൂട്ടത്ത് നിന്നും ആലുവയിലേക്കുള്ള യാത്രയിലാണ് കണ്ടക്‌ടറുടെ ഭാഗത്ത് നിന്നും ദുരനുഭവമുണ്ടായതെന്നും യാത്രക്കാരി ആലുവ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. ഇതേതുടർന്നാണ് കണ്ടക്‌ടർ ജസ്‌റ്റിനെ ആലുവ പൊലീസ് കസ്‌റ്റഡിയിലെടുത്തത്.

സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിനെതിരായ ഐ.പി.സി 354, 351 വകുപ്പുകൾ പ്രകാരമാണ് ജസ്‌റ്റിനെതിരെ പൊലീസ് കേസെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കും.

കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം കാറില്‍: അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ മാസം പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിൽ സ്വിഫ്റ്റ് ബസ് ഓടിക്കാൻ എത്തിയ ഡ്രൈവർമാർക്ക് ഡ്രൈവിങ് ടെസ്‌റ്റ് കാറിൽ നടത്തിയ സംഭവം വിവാദമായിരുന്നു. തിരുവനന്തപുരം നഗരത്തിൽ ഈ മാസം മുതൽ സർവീസ് നടത്താനിരിക്കുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ ഓടിക്കേണ്ട ഡ്രൈവർമാർക്കാണ് ഡ്രൈവിങ് ടെസ്‌റ്റ് കാറിൽ നടത്തിയത്. എച്ച് ടെസ്‌റ്റും റോഡ് ടെസ്‌റ്റും കാറിലാണ് നടത്തിയത്.

ഹെവി വാഹനം ഓടിക്കേണ്ട ഡ്രൈവർമാർക്ക് കാറിൽ ടെസ്‌റ്റ് നടത്തിയത് ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത നടപടിയാണെന്നാണ് വിമര്‍ശനം ഉയരുന്നത്. 27 വനിത ഡ്രൈവർമാർക്കായിരുന്നു പരിശീലനം നൽകിയിരുന്നത്. ഇക്കൂട്ടത്തില്‍ 10 പേർക്ക് മാത്രമാണ് ഹെവി ലൈസൻസ് ഉള്ളത്. ഇതിനുശേഷം തുടർന്നുള്ള പരിശീലനങ്ങൾ നൽകുമെന്നാണ് ഉദ്യോഗാർഥികൾക്ക് നൽകിയ വിവരം.

എന്നാൽ, സംഭവം വിവാദമായതിനെ തുടര്‍ന്ന് കെഎസ്ആർടിസി അധികൃതർ ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു. ഉദ്യോഗാർഥികൾക്ക് വിദഗ്‌ധ പരിശീലനം നൽകിയതിന് ശേഷമെ സർവീസിനായി നിയോഗിക്കുവെന്നാണ് അധികൃതരുടെ പക്ഷം. റോഡ് ടെസ്‌റ്റ് നടക്കുമ്പോൾ സ്വിഫ്റ്റിലെ ഉദ്യോഗസ്ഥരും പിന്നാലെ ഉണ്ടായിരുന്നു.

ടിക്കറ്റില്‍ ക്രമക്കേട്: ഇക്കഴിഞ്ഞ മാസം ടിക്കറ്റിൽ ഗുരുതര ക്രമക്കേട് നടത്തിയ ജീവനക്കാരനെ കെഎസ്ആർടിസി പിരിച്ചുവിട്ടിരുന്നു. കണ്ടക്‌ടർ എസ് ബിജുവിനെയാണ് കെഎസ്ആർടിസി സ്വിഫ്റ്റിൽ നിന്ന് പിരിച്ചുവിട്ടത്. വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകളായിരുന്നു കണ്ടെത്തിയത്.

കഴിഞ്ഞ മാസം 13ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് KS 153 കണിയാപുരം - കിഴക്കേക്കോട്ട റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്‌ത രണ്ട് യാത്രക്കാരിൽ നിന്നും പണം ഈടാക്കുകയും കണ്ടക്‌ടർ എസ് ബിജു ടിക്കറ്റ് നൽകാതെ പണം അപഹരിക്കുകയും ചെയ്‌തത്. ഈ സംഭവം കണക്കിലെടുത്താണ് ബിജുവിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്. ബിജുവിനെതിരെ ഫോർട്ട് പൊലീസ് കേസെടുക്കുകയും ചെയ്‌തു.

Last Updated : Jul 8, 2023, 7:30 PM IST

ABOUT THE AUTHOR

...view details