കെഎസ്ആർടിസി സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടു എറണാകുളം: കളമശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് റെയിൽവേ ഓവർ ബ്രിഡ്‌ജിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.
അപകടത്തിൽ ബസ് ഡ്രൈവർക്ക് പരിക്കേറ്റു. മുപ്പതോളം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. എന്നാൽ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
പരിക്കേറ്റ ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.