എറണാകുളം : കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ശമ്പളവിതരണത്തിന് കെഎസ്ആർടിസിക്ക് ധനസഹായം നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
വസ്തുതകളും നിയമപരമായ ഘടകങ്ങളും പരിശോധിക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിറക്കിയത്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ നിയമപരമോ കരാർ പ്രകാരമോ ഒരു തരത്തിലുമുള്ള ബാധ്യതയും സർക്കാരിനില്ല. റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻസ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആർടിസി. മറ്റ് ബോർഡ്, കോർപറേഷൻ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന പരിഗണന മാത്രമേ കെഎസ്ആർടിസിക്കും നൽകാനാകൂ. ധനസഹായമടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസിക്ക് പ്രത്യേക പരിഗണന നൽകാൻ കഴിയില്ലെന്നും സർക്കാരിന്റെ അപ്പീലിൽ പറയുന്നു.